പൂന്തുറ : പതിനാറുകാരിയെ കാറിനുള്ളിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബീമാപള്ളി സ്വദേശി ഷാജി(52)യെ പൂന്തുറ പോലീസ് അറസ്റ്റുചെയ്തു.
കഴിഞ്ഞ മാസമാണ് പെണ്കുട്ടി വീട്ടിൽനിന്ന് പിണങ്ങിയിറങ്ങിയത്. ശേഷം ബീമാപള്ളിയിൽ കഴിയുകയായിരുന്ന വിദ്യാർഥിനിയോട് ഷാജി വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞു. തുടർന്ന് ആഭ്യന്തര വിമാനത്താവളത്തിനടുത്തുള്ള ലോഡ്ജിനടുത്ത് കാർ നിർത്തി. തുടർന്ന് പുറത്തിറങ്ങാനാവശ്യപ്പെട്ടു. അപകടം മനസ്സിലാക്കിയ വിദ്യാർഥിനി ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ കാറിനുള്ളിൽവെച്ച് ഇയാൾ ശരീരത്തിൽ കയറിപ്പിടിച്ചു. ഇതോടെ വിദ്യാർഥിനി കാറിൽനിന്ന് ഇറങ്ങിയോടി.
തുടർന്ന് ബസ് കയറി ചവറയിലുള്ള കൂട്ടുകാരിയുടെ വീട്ടിലെത്തി. ശാസ്താംകോട്ട പോലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം കേസ് പൂന്തുറ പോലീസിനു കൈമാറി. കഴിഞ്ഞദിവസം പൂന്തുറ പോലീസെത്തി ഇയാളെ അറസ്റ്റുചെയ്യുകയായിരുന്നു. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.






