തലയോട്ടിയില്‍ 60 വര്‍ഷം മുമ്പ് സ്ഥാപിച്ച ലോഹപാളി നീക്കം ചെയ്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ നരി.ജെ കോണ്ട്രാക്ടര്. 1962ലെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ബൗണ്‍സര്‍ കൊണ്ട് തലയോട്ടിയില്‍ ഗുരുതര ക്ഷതമേറ്റ കോണ്‍ട്രാക്ടറെ 2 അടിയന്തര ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. അന്നു തലയോട്ടിയില്‍ സ്ഥാപിച്ച ലോഹത്തകിടാണ് ഇപ്പോള്‍ നീക്കം ചെയ്തത്.
തന്റെ 28-ാം വയസില്‍ വെസ്റ്റിന്‍ഡീസ് പര്യടനത്തിനിടെ ബാര്‍ബഡോസിനെതിരെ നടന്ന സൗഹൃദ മത്സരത്തിലാണ് നരി ജെ. കോണ്‍ട്രാക്ടര്‍ക്കു ഗുരുതരമായി പരുക്കേറ്റത്. ഹെല്‍മറ്റ് ഇല്ലാതിരുന്ന കാലമായിരുന്നു അത്. ഒരോവറില്‍ ബൗണ്‍സറുകളുടെ എണ്ണത്തിനു പരിധിയില്ലായിരുന്നു. ബീമറുകള്ക്കും വിലക്കില്ലായിരുന്നു. വിന്‍ഡീസ് പേസര്‍ ചാര്‍ളി ഗ്രിഫിത്തിന്റെ ഷോര്‍ട് ബോള്‍ ഇടംകൈ ബാറ്റര്‍ കോണ്‍ട്രാക്ടറുടെ വലതു ചെവിയുടെ അടുത്തായാണു കൊണ്ടത്. മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്ന താരത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ച് രണ്ട് ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കി.
ആറ് ദിവസത്തിനു ശേഷമാണ് ബോധം വീണ്ടെടുത്തത്. തുടര്‍ന്ന് ഇന്ത്യയിലെത്തിച്ച ശേഷമാണ് തലയോട്ടിയില്‍ ലോഹത്തകിട് പിടിപ്പിച്ചത്. ഇന്ത്യയ്ക്കായി 31 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരത്തിന്റെ രാജ്യാന്തര കരിയറും ഈ അപകടത്തിലൂടെ ഇല്ലാതായി. കളിക്കിടയില്‍ ഒരു നിമിഷത്തേക്ക് ഡ്രസിങ് റൂമിലേക്ക് ശ്രദ്ധ പാളിയതോടെ ബോള്‍ കാണാനായില്ലെന്നും ഗതി മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും കോണ്ട്രാക്ടര് പിന്നീട് വെളിപ്പെടുത്തിയിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ചയായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും വേഗം വീട്ടിലേക്ക് മടങ്ങാനാകുമെന്നും കുടുംബം വെളിപ്പെടുത്തി.






