വിജയ് സിനിമകളുടെ റിലീസ് എന്നത് വിജയ് ആരാധകര്‍ക്ക് എന്നും ആഘോഷമാണ്. പാലഭിഷേകം ചെയ്തും ആരാധകര്‍ താരത്തിന്റെ സിനിമകള്‍ ആഘോഷിക്കും. ഇപ്പോള്‍ 'ബീസ്റ്റ്' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് വിജയ് ഫാന്‍സിന്റെ വ്യത്യസ്തമായ ഒരു ആഘോഷമാണ് ചര്‍ച്ചയായിരിക്കുന്നത്.
തമിഴ്നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകര്‍ പെട്രോള്‍ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്. 100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതമാണ് വിതരണം ചെയ്തത്. പെട്രോളിന്റെ വില ദിനംപ്രതി വര്‍ധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷമെന്ന് ആരാധകര്‍ പറയുന്നു. 'ഞങ്ങള്‍ വിജയ്യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വര്‍ഷം പുതുമയാര്‍ന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. അതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ വന്ന 100 ആരാധകര്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വീതം നല്കാന് തീരുമാനിച്ചു' വിജയ് ആരാധകര്‍ അറിയിച്ചു.
സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് 'ബീസ്റ്റ്'. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.






