മാരുതിയുടെ എര്‍ട്ടിഗയുടെ പ്രീമിയം എം.പി.വി. മോഡല്‍ XL6-ഉം മുഖം മിനുക്കി എത്തിയിരിക്കുകയാണ്. പുതിയ പതിപ്പ് വിപണിയിലെത്തി ദിവസങ്ങള്‍ക്കുള്ളില്‍ ആണ് ഈ വാഹനത്തെ പുറത്തിറക്കിയത്. മൂന്ന് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പുറംമോടിയിലെ മിനുക്കുപണികള്‍ക്കൊപ്പം അകത്തളത്തില്‍ പുതുപുത്തന്‍ ഫീച്ചറുകൾ നൽകിയിരിക്കുന്നു. ഈ പ്രിമിയം എം.പി.വി. വാഹനത്തിന് 11.29 ലക്ഷം രൂപ മുതല്‍ 14.55 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
എക്സ്.എല്‍.6-ന്റെ പ്രധാന എതിരാളികള്‍ കിയ കാരന്‍സ്, റെനോ ട്രൈബര്‍, മഹീന്ദ്ര മരാസോ തുടങ്ങിയ വാഹനങ്ങളാണ്. അതേസമയം, സെഗ്മെന്റ് അടിസ്ഥാനത്തിൽ പരിഗണിച്ചാല്‍ ടൊയോട്ട ഇന്നോവ ക്രിസ്റ്റയും മാരുതിയുടെ ഈ പ്രീമിയം എം.പി.വിയുടെ എതിര് സ്ഥാനത്താണ് വരുന്നത്.
നെക്സയുടെ ക്രാഫ്റ്റഡ് ഫ്യൂച്ചറിസം ഡിസൈന്‍ ശൈലിയിലാണ് പുതിയ XL6- ഒരുങ്ങിയിരിക്കുന്നത്. സെറ്റ, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നീ മൂന്ന് വേരിയന്റുകള്‍ക്കൊപ്പം ആല്‍ഫ പ്ലസിന്റെ ഡ്യുവല്‍ ടോണിലും XL6 എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. 1.5 ലിറ്റര്‍ കെ15സി സീരീസ് ഡ്യുവല്‍ ജെറ്റ് വി.വി.ടി. പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിലുള്ളത്. കൂടാതെ, മാരുതിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കുന്നുണ്ടെന്നാണ് സൂചന. 103 ബി.എച്ച്.പി. പവറും 136.8 എന്‍.എം. ടോര്‍ക്കുമാണ് എന്ജിന് ഉത്പാദിപ്പിക്കുന്നത്.






