
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ സംവാദ പരിപാടിയില്‍ നിന്ന് രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി. മാത്യൂവിനെ ഒഴിവാക്കി. കെ.റെയില്‍ ആണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്തത്. എന്നാല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ നിന്നാണ് സംവാദത്തിന് തന്നെ ക്ഷണിച്ചതെന്നും ഒഴിവാക്കിയ കാര്യം അറിയിച്ചിട്ടില്ലെന്നുമാണ് ജോസഫ് സി.മാത്യൂവിന്റെ പ്രതികരണം.
ഡോ.ആര്.ശ്രീധറിനെ പകരം ഉള്‍പ്പെടുത്തി. ഉപാധികളോടെയായിരിക്കും അദ്ദേഹം ചര്‍ച്ചയില്‍ പങ്കെടുക്കുക.
സര്‍ക്കാരിനു വേണ്ടി പദ്ധതിയെ അനുകൂലിച്ച് സംസാരിക്കാന്‍ നിശ്ചയിച്ചിരുന്ന ഡിജിറ്റല്‍ സര്‍വകലാശാല വി.സി സജി ഗോപിനാഘിനെയം ഒഴിവാക്കി. സ്ഥലത്തില്ലാത്തതിനാലാണ് അദ്ദേഹത്തെ ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. കുഞ്ചെറിയ പി.ഐസക്ക് ആയിരിക്കും പകരം പങ്കെടുക്കുക.
അലോക് വര്‍മ, ആര്.വി.ജി മേനോന് എന്നിവരാണ് പദ്ധതിയെ എതിര്‍ത്ത് സംസാരിക്കുന്ന പാനലിലെ മറ്റ് അംഗങ്ങള്‍. ഇവരെ നിലനിര്‍ത്തുമെന്നാണ് സൂചന. എന്നാല്‍ പാനല്‍ അന്തിമമായിട്ടില്ലെന്നാണ് കെ.റെയില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.
മറ്റന്നാള്‍ തിരുവനന്തപുരത്താണ് സംവാദം. മാസ്ക്കറ്റ് ഹോട്ടലിലാണ് വേദി നിശ്ചയിച്ചിരുന്നതെങ്കിലും താജ് വിവാന്തയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.






