
തിരുവനന്തപുരം: ശമ്പളം മുടങ്ങിയതോടെ കെഎസ്ആര്‍ടിസിയില്‍ പണിമുടക്ക് തുടങ്ങി. മിക്ക ജില്ലകളിലും പ്രതിപക്ഷ സംഘടനയിലെ ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാതെ വിട്ടുനില്‍ക്കുകയാണ്. എഐടിയുസിയും സമരത്തില്‍ പങ്കുചേര്‍ന്നു. സിഐടിയു മാത്രമാണ് ജോലിയില്‍ കയറിയത്. സര്‍വീസ് വ്യാപകമായി മുടങ്ങിയതോടെ ജനം വലഞ്ഞു.
കോട്ടയം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നു പത്തനംതിട്ട, കാസര്‍ഗോഡ് ഡിപ്പോയില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും മുടങ്ങി. കോഴിക്കോട് നിന്ന് രണ്ട് സര്‍വീസുകള്‍ മാത്രമാണ് ഇന്നു നടന്നത്. കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നിന്നും രണ്ട് വീതം സര്‍വീസുകള്‍ നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം നഗരത്തില്‍ പണിമുടക്ക് ശക്തമാണ്. കിഴക്കേകോട്ടയില്‍ നിന്ന് രാവിലെ രണ്ട് സര്‍വീസുകള്‍ മാത്രമാണ് നടന്നത്. തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വീസുകളും മുടങ്ങി. ഇന്നലെ രാത്രി തുടങ്ങിയ സര്‍വീസുകള്‍ മാത്രമാണ് നടക്കുന്നത്.
പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചെങ്കിലും ജീവനക്കാര്‍ അത് തള്ളിക്കളഞ്ഞാണ് പണിമുടക്ക് നടത്തുന്നത്. വിശപ്പിന്റെ സമരമെന്നാണ് ജീവനക്കാര്‍ പറയുന്നത്. 30 ദിവസം ജോലി ചെയ്ത് ശമ്പളമെന്ന അവകാശത്തിനാണ് സമരം. പ്രതിദനം ആറര കോടിയോളം കലക്ഷന്‍ ലഭിക്കുന്ന കെഎസ്ആര്‍ടിസി, പണം മുഴുവന്‍ ട്രഷറിയില്‍ അടയ്ക്കുകയാണ്. ശമ്പളം നല്കാന് പണമില്ലെന്ന് പറയുന്ന സര്‍ക്കാര്‍ ആ പണം എവിടെ പോകുന്നുവെന്ന് പറയണമെന്നും ആലപ്പുഴയില്‍ നിന്നുള്ള സമരക്കാര്‍ പറയുന്നു.






