
വാഷിംഗ്ടണ്‍: സ്ഥിരം വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് അറിയിച്ചു. അമേരിക്ക മുന്നോട്ടുവെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണമെന്ന് വാന്‍സ് വ്യക്തമാക്കി.
കരാറിലെത്താന്‍ സാധിക്കാത്തത് ഇരുരാജ്യങ്ങള്‍ക്കും മോശം വാര്‍ത്തയാണെന്ന് ജെ.ഡി. വാന്‍സ് പറഞ്ഞു. ചര്‍ച്ചകളില്‍ മധ്യസ്ഥത വഹിച്ച പാകിസ്താന് അദ്ദേഹം നന്ദി അറിയിച്ചു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ താന്‍ പ്രസിഡന്റ് ട്രംപുമായി സംസാരിച്ചുവെന്നും കരാറിലെത്താന്‍ പരമാവധി ശ്രമിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചതെന്നും വാന്‍സ് വെളിപ്പെടുത്തി. ഇറാന്‍ ആണവായുധം നിര്‍മ്മിക്കില്ലെന്ന ഉറപ്പ് അമേരിക്കയ്ക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, അമേരിക്ക യുക്തിരഹിതമായ ആവശ്യങ്ങള്‍ ഉന്നയിക്കുന്നതായും അടിക്കടി നിലപാട് മാറ്റുന്നതായും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതടക്കമുള്ള വിഷയങ്ങളില്‍ തര്‍ക്കം തുടരുകയാണ്. യുദ്ധം വഴി നേടാന്‍ കഴിയാത്ത കാര്യങ്ങള്‍ ചര്‍ച്ചകളിലൂടെ നേടിയെടുക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നാണ് ഇറാന്റെ ആരോപണം.
ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലും സമാധാനപരമായ ആണവോര്‍ജ്ജ പദ്ധതികളിലും അമേരിക്കയുടെ നിബന്ധനകള്‍ അംഗീകരിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. നിലവില്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടെങ്കിലും മധ്യസ്ഥ രാജ്യമായ പാകിസ്താന്‍ ഭിന്നതകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചര്‍ച്ചകള്‍ ഉടന്‍ പുനരാരംഭിക്കുമെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി നല്‍കുന്ന സൂചന.






