
പ്രധാന വാഹന നിർമാതാക്കളായ ഹ്യുണ്ടായി രാജ്യത്തെ തങ്ങളുടെ ഉൽപ്പന്ന നിരയിലുടനീളം എക്സ്ഷോറൂം വിലകൾ പരിഷ്കരിച്ച വരികയാണ്. റിപ്പോർട്ട് പ്രകാരം ക്രെറ്റ, വെന്യു, അൽകസാർ എന്നിവയുൾപ്പെടെ ബ്രാൻഡിന്റെ എസ്യുവി ലൈനപ്പിലേക്ക് വില വർധനവ് നടപ്പിലാക്കിയതിനു പിന്നാലെ ഇപ്പൊൾ ഇതാ ബജറ്റ് കാർ സെഗ്മെന്റിലും സമാനമായ നടപടി കൈകൊണ്ടിരിക്കുകയാണ് ഹ്യുണ്ടായി.
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കൾ ഇപ്പൊൾ സാൻട്രോ, ഗ്രാൻഡ് i10 നിയോസ്, ഓറ, i20 വേരിയന്റുകൾ, വേർണ എന്നിവയുടെ വിലയിൽ വർധനവ് നടപ്പാക്കിയിരിക്കുകയാണ്. റിപ്പോർട്ട് അനുസരിച്ചു ഹ്യുണ്ടായിയുടെ എൻട്രി ലെവൽ മോഡലായ സാൻട്രോയുടെ മാഗ്ന എഎംടി വേരിയന്റിന് 17,800 രൂപ വരെ വില വർധനയുണ്ടായി. മാത്രമല്ല ഹാച്ച്ബാക്കിന്റെ എറ എക്സിക്യുട്ടീവ്, മാഗ്ന, സ്പോർട്സ്, ആസ്റ്റ, സ്പോർട്സ് സിഎൻജി തുടങ്ങിയ മറ്റ് വകഭേദങ്ങൾക്ക് 3,010 രൂപയുടെ വില വർധനവാണ് നടപ്പാക്കിയിരിക്കുന്നത്.
എന്നാൽ, സാൻട്രോയുടെ സ്പോർട്സ് എഎംടി, മാഗ്ന സിഎൻജി, ആസ്റ്റ എഎംടി വേരിയന്റുകളുടെ വിലയിൽ മാറ്റമില്ലെന്നാണ് സൂചന. നിലവിൽ മാരുതി വാഗൺആർ, ടാറ്റ ടിയാഗോ, മാരുതി സെലേറിയോ തുടങ്ങിയ ജനപ്രിയ മോഡലുകളുമായാണ് സാൻട്രോ വിപണിയിൽ മത്സരിക്കുന്നത്.






