
പുതിയ 2023 മോഡൽ സ്പീഡ് ട്രിപ്പിൾ 1200 RS വിപണിയിൽ എത്തിച്ചിരിക്കുകയാണ് ബ്രിട്ടീഷ് പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ട്രയംഫ്. ഫ്ലാഗ്ഷിപ്പ് റോഡ്സ്റ്റർ ബൈക്കിന് പുതിയ മാറ്റ് ബാജ ഓറഞ്ച് കളർ ഓപ്ഷൻ അവതരിപ്പിച്ചതാണ് പ്രധാന മാറ്റം എന്നാണ് റിപ്പോർട്ട്.
പുതുതായി ചേർത്ത മാറ്റ് ബാജ ഓറഞ്ച് നിറം മോട്ടോർസൈക്കിളിന് കൂടുതൽ ആകർഷണമാണ് നൽകുന്നത്
പുതിയ നിറം കൂടി വന്നതോടെ 2023 മോഡൽ സ്പീഡ് ട്രിപ്പിൾ 1200 RS സൂപ്പർ ബൈക്ക് ഇനി മാറ്റ് ബാജ ഓറഞ്ച്, മാറ്റ് സിൽവർ ഐസ്, സഫയർ ബ്ലാക്ക് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കും. റിപ്പോർട്ട് പ്രകാരം സ്പീഡ് ട്രിപ്പിള്‍ 1200 RS ഒരു പുതിയ അലുമിനിയം ഷാസിയിലാണ് കമ്പനി നിർമിച്ചിരിക്കുന്നത്. പഴയ മോഡലിനെ അപേക്ഷിച്ച് ഇത് മോട്ടോര്‍സൈക്കിളിന്റെ ഭാരം 10 കിലോഗ്രാം വരെ കുറയ്ക്കുന്നുണ്ട്.
1160 സിസി ട്രിപ്പിൾ സിലിണ്ടർ എഞ്ചിനാണ് ബൈക്കിന് നൽകിയിരിക്കുന്നത്. ഇത് 10,750 rpm-ൽ പരമാവധി 180 bhp കരുത്തും 9,000 rpm-ൽ 125 Nm ടോർക്കും ഉത്പാദിപ്പിക്കാനും പ്രാപ്തമാണ്. ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V4, കെടിഎം സൂപ്പർ ഡ്യൂക്ക് 1290, ബിഎംഡബ്ല്യു S1000R തുടങ്ങിയ ബൈക്കുകളാണ് എതിരാളികൾ.






