
വാഷിങ്ടണ്‍: ഡോക്ടറെ കാണാനെത്തിയ സഹോദരിയ്ക്ക് ആശുപത്രി അധികൃതര്‍ അധികതുക ഈടാക്കിയതായി യുവതിയുടെ പരാതി. അമേരിക്കയിലാണ് സംഭവം. യുട്യൂബറും ഇന്റര്‍നെറ്റ് സെലിബ്രിറ്റിയുമായ കാമില്ല ജോണ്‍സണാണ് 40 ഡോളര്‍ (ഏകദേശം 3,100 രൂപ) അധികതുക ഈടാക്കിയ ബില്ലിന്റെ ചിത്രമുള്‍പ്പെടെ ട്വീറ്റ് ചെയ്തിട്ടുള്ളത്. ചെറിയ രീതിയില്‍ ഉത്കണ്ഠയും മാനസിക സമ്മര്ദ്ദവുമനുഭവിക്കുന്ന സഹോദരിയ്ക്ക് ചിലയവസരങ്ങളില്‍ നിസ്സഹായവസ്ഥ അനുഭവപ്പെടുമെന്നും ആരും ശ്രദ്ധിക്കാനില്ലെന്ന തോന്നലില്‍ കരയാറുണ്ടെന്നും കാമില്ല പറയുന്നു.
മേയ് 17 നാണ് കാമില്ല ബില്ലിന്റെ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കാമില്ലയുടെ ട്വീറ്റിനോട് അഞ്ച് ലക്ഷത്തോളം പേര് ഇതിനോടകം പ്രതികരിച്ചു കഴിഞ്ഞു. അറുപതിനായിരം പേരാണ് കാമില്ലയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. കാഴ്ച, രക്തപരിശോധനകള്‍ നടത്തിയതിന്റെ ചാര്‍ജ് ബില്ലിലുണ്ട്. അതിനൊപ്പമാണ് വികാര/പെരുമാറ്റ പരിശോധനയുടെ ചാര്‍ജ് ചേര്‍ത്തിരിക്കുന്നത്. അത് പ്രത്യേകമായി അടയാളപ്പെടുത്തിയാണ് കാമില്ലയുടെ ട്വീറ്റ്. രോഗി കരഞ്ഞതിന്റെ കാരണമന്വേഷിക്കുകയോ എന്തെങ്കിലും പരിശോധന നടത്തുകയോ ചെയ്യാതെയാണ് ചാര്‍ജ് കൂട്ടിച്ചേര്‍ത്തിരിക്കുന്നതെന്നും കാമില്ല പറയുന്നു.
ട്വീറ്റിന് ആയിരക്കണക്കിന് പേരാണ് കമന്റ് ചെയ്തത്. പലരും തങ്ങളുടെ ആശുപത്രിബില്ലുകളെ കുറിച്ച് പരാതിയുമായെത്തി. ആശുപത്രി ബില്ലുകള്‍ കുറയ്ക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ച് ചിലര്‍ ഉപദേശങ്ങളും നല്കി. എന്തായാലും, അച്ഛന്റെ മെഡിക്കല്‍ ഇന്ഷുറന്സുണ്ടായിരുന്നതിനാല് ബില്ലിനെ കുറിച്ച് അധികം വിഷമിക്കേണ്ടി വന്നില്ലെന്നും കാമില്ല പറയുന്നു.







Comments