ഇന്ത്യയിൽ തങ്ങളുടെ ഇവി ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതിയ രണ്ട് സ്കൂട്ടറുകൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കൊമാകി. LY, DT 3000 എന്നീ ഇലക്ട്രിക് മോഡലുകളെയാണ് കമ്പനി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
88,000 രൂപയാണ് കൊമാകി LY മോഡലിന് എക്സ്ഷോറൂം വില. എന്നാൽ , കൊമാകി DT 3000 ഇലക്ട്രിക് സ്കൂട്ടറിന് 1.22 ലക്ഷം രൂപയാണ് വില. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇവി സ്റ്റാർട്ടപ്പ് കമ്പനിയിൽ നിന്നും ഈ വർഷം ഇന്ത്യയിലെത്തുന്ന മൂന്നാമത്തെയും നാലാമത്തെയും ഉൽപ്പന്നമാണ് ഇവ എന്നാണ് റിപ്പോർട്ട്. കൊമാകി LY ഇലക്ട്രിക് സ്കൂട്ടർ 12 ഇഞ്ച് വീലുകളിലാണ് നിരത്തിലെത്തുന്നത്. ഇലക്ട്രിക് സ്കൂട്ടർ ഗാർനെറ്റ് റെഡ്, ജെറ്റ് ബ്ലാക്ക്, മെറ്റൽ ഗ്രേ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
ഇതിന് 62.9V ലിഥിയം ഫെറോ ഫോസ്ഫേറ്റ് ബാറ്ററി പായ്ക്കാണ് ഉള്ളത്. സ്കൂട്ടറിന്റെ 1500 വാട്ട് മോട്ടോറിൽ നിന്ന് ഒറ്റ ചാർജിൽ 70-90 കിലോമീറ്റർ റേഞ്ച് നൽകാനും സ്കൂട്ടർ പ്രാപ്തമാണ്. റിപ്പോർട്ട് പ്രകാരം മോഡൽ പൂർണമായി ചാർജ് ചെയ്യാൻ 4-5 മണിക്കൂർ എടുക്കും. 3000-വാട്ട് BLDC മോട്ടോറും 62V52AH-ന്റെ ലിഥിയം ബാറ്ററി ആണ് കൊമാകി DT 3000 ഇലക്ട്രിക് സ്കൂട്ടറിന് ഉള്ളത്. റിപ്പോർട്ട് അനുസരിച്ചു പരമാവധി 80 കിലോമീറ്റർ വേഗത എത്തുന്ന ഇതിന് ഒറ്റ ചാർജിൽ 110-180 കിലോമീറ്റർ റേഞ്ച് നൽകാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.






