പുതിയ എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിന്റെ ടീസര്‍ വീഡിയോ പുറത്തു വിട്ട് ടൊയോട്ട. അടുത്ത മാസം ആദ്യം വാഹനം പ്രദര്ശിപ്പിക്കുന്നതിനു മുന്നോടിയായാണ് ടീസര്‍ വിഡിയോ പുറത്തുവിട്ടത്. ജാപ്പനീസ് കമ്പനികളായ സുസുകിയും ടൊയോട്ടയും 2017ല്‍ തുടങ്ങിയ സഹകരണത്തിന്റെ ഭാഗമായാണ് പുതിയ എസ്യുവി. നിലവില്‍ അര്‍ബന്‍ ക്രൂസര്‍, ഗ്ലാന്‍സ എന്നീ ടൊയോട്ട മോഡലുകള്‍ നിര്‍മിക്കുന്നത് മാരുതി സുസുകിയാണ്.
സുസുകിയും ടൊയോട്ടയും ചേര്‍ന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്യുവിയുടെ നിര്‍മാണം ടൊയോട്ട കിര്ലോസ്കര് മോട്ടറിന്റെ (ടികെഎം) കര്‍ണാടകയിലെ ഫാക്ടറിയില്‍ ഓഗസ്റ്റില്‍ ആരംഭിക്കുമെന്ന വാര്‍ത്ത നേരത്തേ പുറത്തു വന്നിരുന്നു. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാന്‍ഡ് പേരുകളില്‍ ഈ എസ്യുവി വിപണിയിലെത്തിക്കും. എല്‍ഇഡി ഡേടൈം റണ്ണിങ് ലാംപുകള്‍, എല്‍ഇഡി ടെയില്‍ ലാംപ്, മനോഹരമായ ഗ്രില്‍, 360 ഡിഗ്രി ക്യാമറ എന്നിവ പുതിയ വാഹനത്തിലുണ്ട്. ഇന്റരീയറിന്റെയും എക്സ്റ്റീരിയറിന്റെയും ഭാഗങ്ങള്‍ ടീസറിലുണ്ട്.
ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, സ്കോഡ കുഷാക്, ഫോക്സ്വാഗന് ടൈഗുന്‍ തുടങ്ങിയവയുടെ വിഭാഗത്തിലേക്കാണ് മാരുതിയും ടൊയോട്ടയും പുതിയ എസ്യുവി എത്തിക്കുക. പെട്രോള്‍ എന്‍ജിനുള്ള എസ്യുവിയില്, മാരുതി സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ടൊയോട്ടയുടെ സ്ട്രോങ് ഹൈബ്രിഡ് സംവിധാനവും കൂട്ടിച്ചേര്‍ത്ത വേരിയന്റുകളുണ്ടാകും. ഉയര്‍ന്ന വേരിയന്റുകളിലാകും സ്ട്രോങ് ഹൈബ്രിഡ്. മൈല്‍ഡ് ഹൈബ്രിഡില്‍, പെട്രോള്‍ എന്‍ജിന്റെ പ്രവര്‍ത്തനത്തെ ഒരു ബാറ്ററി സഹായിക്കുക മാത്രമാണു ചെയ്യുന്നത്. സ്ട്രോങ് ഹൈബ്രിഡിന് പൂര്‍ണ വൈദ്യുത മോഡില്‍, പെട്രോള്‍ എന്ജിന് ഉപയോഗിക്കാതെ പ്രവര്‍ത്തിക്കാനാകും. ബാറ്ററിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മോട്ടറുകളാണ് അതിനായുള്ളത്. എന്ജിന് പ്രവര്‍ത്തിക്കുമ്പോള്‍ ബാറ്ററി സ്വയം ചാര്‍ജ് ആകുകയും ചെയ്യും.






