മാരുതി സുസുക്കിയും ടൊയോട്ടയും ചേര്‍ന്ന് വികസിപ്പിച്ച വാഹനമായ മിഡ് സൈസ് എസ്യുവി അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡറിനെ പ്രദര്‍ശിപ്പിച്ച് ടൊയോട്ട. വാഹനത്തിന്റെ വില അടുത്തമാസം പ്രഖ്യാപിക്കും. എന്നാല്‍ ബുക്കിങ്ങ് ടൊയോട്ട ആരംഭിച്ചിട്ടുണ്ട്. 25000 രൂപ നല്കി ടൊയോട്ട ഡീലര്‍ഷിപ്പ് വഴിയോ ഓണ്‍ലൈനായോ വാഹനം ബുക്ക് ചെയ്യാം. ഫുള്‍ ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് പതിപ്പുകളില്‍ ചെറു എസ്യുവി ലഭിക്കും.
ഫുള്‍ അല്ലെങ്കില്‍ സ്ട്രോങ് ഹൈബ്രിഡ് എന്‍ജിനുമായി എത്തുന്ന ആദ്യ മിഡ് സൈസ് എസ്യുവിയാണ് അര്‍ബന്‍ ക്രൂസര്‍ ഹൈറൈഡര്‍. രാജ്യാന്തര വിപണിയിലുള്ള യാരിസ് ഹാച്ച്ബാക്ക്, യാരിസ് ക്രോസ് ഓവര്‍ എന്നിവയില്‍ ഉപയോഗിക്കുന്ന നാലാം തലമുറ ഇ ഡ്രൈവ് ഹൈബ്രിഡ് ടെക്നോളജിയാണ് വാഹനത്തില്‍. പനോരമിക്ക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, വയര്‍ലെസ് ചാര്‍ജര്‍, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ് അപ് ഡിസ്പ്ലെ, കണക്റ്റര്‍ കാര്‍ ടെക്ക് എന്നിവയാണ് പുതിയ എസ്യുവിയില്. സുരക്ഷയ്ക്കായി 6 എയര്‍ബാഗുകള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്രം, ഹില്‍ അസിസ്റ്റോടു കൂടിയ ഇഎസ്പി. ഹില്‍ ഡിസന്‍ഡ് കണ്ട്രോള് തുടങ്ങിയ ഫീച്ചറുകളുണ്ട്.
രാജ്യാന്തര വിപണിയിലുള്ള വലിയ എസ്യുവികളുടെ രൂപ ഭംഗിയാണ് ഹൈറൈഡറിനും. പിയാനോ ഫിനിഷിലുള്ള ഗ്രില്ലിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് ഡബിള്‍ ലെയര്‍ ഡേടൈം റണ്ണിങ് ലാപുകള്‍. സ്പോര്‍ട്ടിയായ മുന്‍ ബംബര്‍ വലിയ എയര്‍ഡാം എന്നിവയുണ്ട്. പിന്നിലേക്ക് എത്തിയാല്‍ സി ആകൃതിയിലുള്ള ടെയില്‍ ലാംപാണ്. ബൂട്ട് ഡോറില്‍ ക്രോം ഇന്‍സേര്‍ട്ടുകളും നല്‍കിയിട്ടുണ്ട്.
ടൊയോട്ടയുടെ 1.5 ലീറ്റര്‍ അറ്റ്കിസണ്‍ സൈക്കിള്‍ എന്‍ജിനാണ് ഹൈറൈഡറില്‍. 92 ബിഎച്ച്പി കരുത്തും 122 എന്‍എം ടോര്‍ക്കുമുണ്ട് ഈ എന്ജിന്. ഹൈബ്രിഡിലെ ഇലക്ട്രിക് മോട്ടറിന്റെ കരുത്ത് 79 എച്ച്പിയും ടോര്‍ക്ക് 141 എന്‍എം ആണ്. 177.6 വാട്ടിന്റെ ലിഥിയം അയണ്‍ ബാറ്ററിയാണ് എസ്യുവിയില് ഉപയോഗിക്കുന്നത്. ഇലക്ട്രിക് ഓണ്‍ലി മോഡില്‍ 25 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. 24 25 കിലോമീറ്ററ് ഇന്ധനക്ഷമത വാഹനം നല്‍കുമെന്നാണ് ടൊയോട്ട പറയുന്നത്. സുസുകിയും ടൊയോട്ടയും ചേര്‍ന്നു രൂപപ്പെടുത്തിയ മിഡ്സൈസ് എസ്യുവിയുടെ നിര്‍മാണം ടൊയോട്ട കിര്ലോസ്കര് മോട്ടറിന്റെ (ടികെഎം) കര്‍ണാടകയിലെ ഫാക്ടറിയിലാണ്. മാരുതി സുസുകിയും ടൊയോട്ടയും പ്രത്യേക ബ്രാന്‍ഡ് പേരുകളില്‍ ഈ എസ്യുവി വിപണിയിലെത്തിക്കും.






