
തൃശൂര്‍: കുട്ടികള്‍ക്ക് മുന്പില് നഗ്നത പ്രദര്‍ശിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ നടന് ശ്രീജിത്ത് രവിക്ക് ജാമ്യമില്ല. ശ്രീജിത്തിനെ തൃശൂര്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
കേസിലെ ക്രിമിനല്‍ സ്വഭാവവും മുന്‍പും സമാനമായ കേസില്‍ പ്രതി ഉള്‍പ്പെട്ടുവെന്നതും കണക്കിലെടുത്താണ് ജാമ്യം നിഷേധിച്ചത്.
ഉച്ചയ്ക്ക് ശ്രീജിത്തിനെ കോടതിയില്‍ ഹാജരാക്കിയ പ്രോസിക്യുഷന് ജാമ്യം നല്‍കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. പ്രതി മുന്‍പും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ക്രിമിനല്‍ കുറ്റമാണ്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് നല്കുന്ന തെറ്റായ സന്ദേശമാണെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല്‍ പ്രതിക്ക് മാനസികമായി പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി സൈക്കോ തെറാപ്പിക്ക് ചികിത്സിലാണെന്നും അടുത്തനാള്‍ വരെ ആശുപത്രിയില്‍ ആയിരുന്നുവെന്നും പ്രതിഭാഗം വാദിച്ചു. 41എ പ്രകാരം പ്രതിഭാഗത്തിന് കേള്‍ക്കാനുള്ളത് കേള്‍ക്കാന്‍ നോട്ടീസ് നല്‍കണമെന്നത് പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി. ചികിത്സയുടെ രേഖകളും സമര്‍പ്പിച്ചിരുന്നു.
ശ്രീജിത്ത് രവിയെ ഇന്ന് പുലര്‍ച്ചെയാണ് നടനെ വീട്ടില്‍ നിന്നും തൃശൂര്‍ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തത്. ഈ മാസം നാലിന് വൈകിട്ട് 3.30 ഓടെ അയ്യന്തോളിലെ എസ്.എന്‍ പാര്‍ക്കിലെ ഒരു ഫ്ളാറ്റിനു മുന്പില് 14, 9 വയസ്സ് പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മുന്നില്‍ ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നാണ് കേസ്.
കറുത്ത കാറിലെത്തിയ ആള് ആണെന്നാണ് കുട്ടികള്‍ പറഞ്ഞത്. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരാതി നല്കി. പ്രദേശവാസികള്‍ നടത്തിയ തിരച്ചിലില്‍ ആളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. സിസിടിവിയില്‍ നിന്ന് കാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്‍ ശ്രീജിതത് രാവിയുടെതാണെന്ന് വ്യക്തമായത്. പിറ്റേന്നും ഇതേകാറില്‍ ശ്രീജിത്ത് രവി ഇവിടെ എത്തിയതായി കണ്ടെത്തി.
ഈ ഫ്ളാറ്റില്‍ ശ്രീജിത്ത് രവിക്ക് വരേണ്ട ഒരാവശ്യവുമില്ലെന്നും കുട്ടികളെ പിന്തുടര്ന്നാണ് ഇവിടെ എത്തിയതെന്നും വ്യക്തമായി.






