ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായ ചിത്രത്തിന്റെ വിജയം ഷാജി കൈലാസ് ആഘോഷിച്ചത് പുതു പുത്തന്‍ എസ്യുവി സ്വന്തമാക്കിയാണ്. എക്സ്സി 60യാണ് ഷാജി കൈലാസ് സ്വന്തമാക്കിയത്. 65.90 ലക്ഷം രൂപയാണ് വോള്‍വോ എക്സ്സി 60യുടെ എക്സ്ഷോറൂം വില.
പെട്രോള്‍ മൈല്‍ഡ് ഹൈബ്രിഡ് എന്‍ജിനാണ് വാഹനത്തില്‍. 2.4 ലീറ്റര്‍ ടര്‍ബോ ചാര്‍ജിഡ് 5 സിലിണ്ടര്‍ എന്ജിന് 250 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കുമുണ്ട്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 6.9 സെക്കന്‍ഡ് മാത്രം വേണ്ടി വരുന്ന വാഹനത്തിന്റെ ഉയര്‍ന്ന വേഗം 180 കിലോമീറ്ററാണ്.
ഡിസൈനിലും ഏറെ മികവോടെയാണ് വോള്‍വോ XC60 എത്തിയിട്ടുള്ളത്. വോള്‍വോയുടെ സിഗ്നേച്ചര്‍ ഗ്രില്ല്, എല്‍.ഇ.ഡിയില്‍ രണ്ട് തട്ടുകളായി ഒരുങ്ങിയിട്ടുള്ള ഹെഡ്ലാമ്പ്, ഹെഡ്ലൈറ്റിന് മധ്യത്തിലൂടെ നല്‍കിയിട്ടുള്ള ഡി.ആര്.എല്‍, മസ്കുലര്‍ ഭാവമുള്ള ബമ്പര്‍, ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ബമ്പര്‍ ലോവര്‍ ലിപ്പ് എന്നിവയാണ് ഈ വാഹനത്തിന്റെ മുഖം അലങ്കരിക്കുന്നത്. വാഹനത്തിന്റെ അകത്തളവും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകള്‍ ഉള്‍പ്പെടെ സമ്പന്നമാണ്.
ഹൈടെക് സാങ്കേതിക വിദ്യ, സുഖകരമായ യാത്ര, കൂടുതല്‍ സുരക്ഷ എന്നിവ ഒത്തിണക്കിയ വോള്‍വോയുടെ ഏറ്റവും മികച്ച കാറുകളിലൊന്നാണ് എക്സ്സി 60. കാറിനകത്തുള്ളവര്ക്കു മാത്രമല്ല, സൈക്കിള്‍, കാല്‍നട യാത്രക്കാരടക്കമുള്ളവര്‍ക്കും സംരക്ഷണം ഉറപ്പു വരുത്തുന്ന സംവിധാനം, എമര്‍ജെന്‍സി ബ്രേക്കിങ് തുടങ്ങി നിരവധി സുരക്ഷ സംവിധാനങ്ങളുണ്ട് വോള്‍വോ എക്സ്സി60ല്‍.






