ഇന്ത്യന്‍ വിപണിയില്‍ ലാവ ഇന്റര്‍നാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോണ്‍ ലാവ ബ്ലേസ് അവതരിപ്പിച്ചു. ലാവ ബ്ലേസിന്റെ 3 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന്റെ വില 8,699 രൂപയാണ്. നാല് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ വരുന്ന ഈ സ്മാര്‍ട് ഫോണ്‍ മീഡിയടെക് ഹീലിയോ എ22 പ്രോസസര്‍ ആണുള്ളത്. ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ, ഗ്ലാസ് ഗ്രീന്‍, ഗ്ലാസ് റെഡ് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ വരുന്നത്.
ലാവ ബ്ലേസിന് 13-മെഗാപിക്സല്‍ എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണവും എല്‍ഇഡി ഫ്ലാഷുമുണ്ട്. എച്ച്ഡിആര്‍, പനോരമ, പോര്‍ട്രെയ്റ്റ്, ബ്യൂട്ടി, ടൈം-ലാപ്സ് ഫൊട്ടോഗ്രഫി എന്നിവയുള്‍പ്പെടെയുള്ള ക്യാമറ മോഡുകളും ഫില്‍ട്ടറുകളും ഫോണിലുണ്ട്. സ്ക്രീന്‍ ഫ്ലാഷോടു കൂടിയ 8 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്. 4ജി, ബ്ലൂടൂത്ത് വി5, 3.5mm ഓഡിയോ ജാക്ക്, വൈ-ഫൈ 802.11 b/g/n/ac, ജിപിആര്‍എസ്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്സിലറോമീറ്ററും പ്രോക്സിമിറ്റി സെന്‍സറും ഉണ്ട്. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫേസ് അണ്‍ലോക്ക് ഫീച്ചറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസില്‍ 5,000എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാര്‍ജില്‍ 40 മണിക്കൂര്‍ വരെ പ്ലേബാക്ക് സമയവും 25 ദിവസത്തെ സ്റ്റാന്‍ഡ്ബൈ സമയവും ലഭിക്കുമെന്നാണ് ലാവ അവകാശപ്പെടുന്നത്.
ഡ്യുവല്‍ സിം (നാനോ) ഉപയോഗിക്കാവുന്ന ലാവ ബ്ലേസ് ഹാന്‍ഡ്സെറ്റ് ആന്‍ഡ്രോയിഡ് 12 ലാണ് പ്രവര്‍ത്തിക്കുന്നത്. 6.51 ഇഞ്ച് എച്ച്ഡി+ ഐപിഎസ് (720x1,600 പിക്സല്‍) ഡിസ്പ്ലേയ്ക്ക് 20:9 വീക്ഷണാനുപാതവും ഹോള്‍-പഞ്ച് ഡിസൈനും ഉണ്ട്. 3 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ എ 22 ആണ് പ്രോസസര്‍. പ്രകടനം മെച്ചപ്പെടുത്തുന്നതിന് അധിക 3ജിബി വെര്‍ച്വല്‍ റാം ചേര്‍ക്കുന്നതിനുള്ള ഓപ്ഷനും ഇതിലുണ്ട്. നിലവില്‍ ലാവ ഇ-സ്റ്റോര്‍ വഴി പ്രീ-ബുക്കിങ്ങിന് ലഭ്യമാണ്. ലാവ ഇ-സ്റ്റോര്‍, ഫ്ലിപ്കാര്‍ട്ട്, ഓഫ്ലൈന് റീട്ടെയിലര്‍മാര്‍ വഴി ജൂലൈ 14 മുതല്‍ ഫോണ്‍ വില്പനയ്ക്കെത്തും. ലാവ ബ്ലേസ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 1,000 ഉപഭോക്താക്കള്‍ക്ക് ലാവ പ്രോബഡ്സ് 21 വയര്‍ലെസ് ഇയര്‍ബഡുകള്‍ സൗജന്യമായി നല്‍കും.






