
മാരുതി സുസുക്കിയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഓള്‍ട്ടോയുടെ മൂന്നാം തലമുറ ഓഗസ്റ്റിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഡിസൈന്‍, ഫീച്ചറുകള്‍, എന്ജിന് എന്നിവയിലെല്ലാം പുതിയ പരീക്ഷണങ്ങളുമായി ആയിരിക്കും വാഹനം എത്തുക. കമ്പനി അടുത്തിടെ വിപണിയിലെത്തിച്ച ഭൂരിഭാഗം വാഹനങ്ങള്‍ക്കും അടിത്തറയായ ഹാര്‍ടെക്ട് പ്ലാറ്റ്ഫോമിലായിരിക്കും ഓള്‍ട്ടോയും നിര്‍മിക്കുക. കൂടുതല്‍ കരുത്തും ഭാരക്കുറവുമുള്ള പ്ലാറ്റ്ഫോം സുരക്ഷയ്ക്ക് പ്രധാന്യം നല്കുന്നു.
ടോള്‍ബോയ് ഡിസൈനിലുള്ള വാഹനമായിരിക്കും പുതിയ ഓള്‍ട്ടോ. പുതുതലമുറ വാഹനങ്ങളില്‍ കാണുന്ന നവീന സന്നാഹങ്ങളോടു കിടപിടിക്കുന്ന സൗകര്യങ്ങള്‍ ഇതിലുണ്ടാകും. മാരുതി സുസുക്കിയുടെ പുതു തലമുറ വാഹനങ്ങളില്‍ കാണുന്ന വിധത്തില്‍ കൂടുതല്‍ ആകര്‍ഷകമായ ഡിസൈനിനാണ് കമ്പനി പ്രാധാന്യം നല്‍കുന്നത്. ടെസ്റ്റ് സ്മ്യൂള്‍ വാഹനങ്ങളുടെ ചിത്രങ്ങളും ഇതിനോടകം പുറത്തു വന്നു. പുതിയ ഗ്രില്‍, ബോഡിയിലേക്ക് പടര്‍ന്നു കയറുന്ന ഹെഡ്ലാംപ്, ഉയര്‍ന്ന റൂഫ്ലൈന്‍ എന്നിവ വാഹനത്തിലുണ്ട്. ചതുരവടിവുള്ള ടെയ്ല് ലാംപ്, എസ്പ്രസോയിലേതിനോടു സമാനമായ പിന് ബംപര്‍ എന്നിവയും വാഹനത്തിന് പുതുമ നല്‍കും.
1000 സിസി ഓള്‍ട്ടോയ്ക്ക് ഇപ്പോഴും വിപണിയിലുള്ള പ്രിയം മനസിലാക്കി 1.0 ലീറ്റര്‍ കെ10 സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനായിരിക്കും കരുത്തേകുന്നത്. മുഖം മിനുക്കിയ എസ്പ്രെസോയ്ക്ക് കരുത്തു പകരുന്ന അതേ എന്‍ജിനാണ് ഇത്. 67 ബിഎച്ച്പി പരമാവധി കരുത്തും 89 എന്‍എം ടോര്‍ക്കുമുള്ള ഈ എന്ജിന് സൗമ്യനാണ്. നിലവിലുള്ള 796 സിസി എന്‍ജിനെക്കാള്‍ ടോര്ക്കിയറായ എന്‍ജിനായതിനാല്‍ സിറ്റി ഹൈവേ മേഖലകളിലെല്ലാം മികച്ചു നില്ക്കും. കൂടാതെ ഉയര്‍ന്ന ഇന്ധനക്ഷമതയും വാഹനത്തിന് ലഭിക്കും. സിഎന്‍ജി വകഭേദവും ഉണ്ടാകും.






