കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ വിശദീകരണവുമായി മേയര്‍ ബീന ഫിലിപ്പ്. ബീച്ചില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സംഘടിപ്പിച്ച സംഗീത പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ല. പാലിയേറ്റീവ് ധനസമാഹരണത്തിന് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയത്.
പരിപാടി നടത്തിയ കോളജ് വിദ്യാര്‍ത്ഥികളുടെ പരിചയക്കുറവ് പ്രധാന വീഴ്ചയാണ്. ഒരുക്കിയ ഇരിപ്പിടങ്ങളേക്കാള്‍ കൂടുതല്‍ ടിക്കറ്റ് വിറ്റു. ഓണ്ലൈനിലൂം ടിക്കറ്റ് നല്‍കിയിരുന്നു. സംഘാടകര്‍ തന്നെയാണോ മറ്റാരെങ്കിലും പ്രിന്റ് ചെയ്താണോ ഇത്രയധികം ടിക്കറ്റ് നല്‍കിയതെന്ന് പരിശോധനിക്കേണ്ടതുണ്ടെന്നും മേയര്‍ പറഞ്ഞു.
വെള്ളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം കോളജ് ഓഫ് ആര്‍ട്സ് ആന്റ് സയന്‍സ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഫോര്‍ പാലിയേറ്റീവ് കെയര്‍ ആണ് ഞായറാഴ്ച ബീച്ചില്‍ പരിപാടി സംഘടിപ്പിച്ചത്. പരിപാടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ എഴുപതോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പോലീസ് സംയമനത്തോടെ ഇടപെട്ടതിനാലാണ് വലിയ പ്രശ്നം ഉണ്ടാകാതിരുന്നതെന്നും മേയര്‍ പറഞ്ഞു.
ടിക്കറ്റ് ലഭിച്ചവര്‍ മുഴുവന്‍ അകത്ത് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെയാണ് സംഘര്‍ഷത്തിന് തുടക്കം. ഇവരെ തടയാന്‍ പോലീസും വോളന്റിയര്‍മാരും ശ്രമിച്ചു. എന്നാല്‍ ജനക്കൂട്ടം പോലീസിനെ തള്ളിമാറ്റുകയും പോലീസുകാര്‍ക്ക് നേരെ കല്ലൂം മണലും വാരിയെറിയുകയും ചെയ്തു. പോലീസ് ലാത്തിവീശിയതോടെയാണ് ജനക്കൂട്ടം ചിതറിയോടുകയായിരുന്നു.






