
ചെന്നൈ: എല്ലാവരുടേയും പ്രാര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ ജയലളിത എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ചവരട്ടെയെന്ന് നടനും മുന്‍ എഡിഎംകെ എംഎല്‍എയുമായ ശരത്കുമാര്. അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ സന്ദര്‍ശിച്ച ശേഷം മടങ്ങിവരുമ്പോഴാണ് ശരത്കുമാര് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരം പറയാന്‍ തയ്യാറായില്ല.
ആശുപത്രിക്ക് മുമ്പില്‍ പ്രാര്‍ത്ഥനയുമായി വന്‍ ജനാവലിയാണ് കാത്തു നില്‍ക്കുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി മുതല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരെ ജയലളിതയുടെ സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥനകള്‍ നടത്തി. ഞായറാഴ്ച വൈകിട്ട് ജയലളിതയുടെ നില ഗുരുതരമായതിന് തൊട്ടു പിന്നാലെ തന്നെ അവരുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ചു കൊണ്ട് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വീറ്റ് ചെയ്തു. എത്രയും പെട്ടെന്ന് ജയലളിത സുഖം പ്രാപിക്കട്ടെയെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് തമിഴ്നാട് ഗവര്‍ണറുമായി ജയലളിതയുടെ ആരോഗ്യകാര്യത്തില്‍ ചര്‍ച്ച നടത്തി. ജയലളിതയുടെ രാഷ്ട്രീയ എതിരാളി കരുണാനിധിയും ജയലളിത എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായ്ഡു, നിര്‍മ്മല സീതാരാമന്, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസ് തുടങ്ങിയവരും തമിഴ്നാട്ടിലെ വിവിധ നേതാക്കളായ എം കെ സ്റ്റാലിന്, ലാലു പ്രസാദ് യാദവ് തുടങ്ങിയവരും ജയലളിത ആരോഗ്യനില മെച്ചപ്പെട്ട് എത്രയും പെട്ടെന്ന് തിരിച്ചുവരട്ടെയെന്ന് ആശംസിച്ചു.
ചെന്നൈയിലെ അപ്പോളോ ആശുപത്രിക്ക് പുറത്ത് അനേകം പാര്‍ട്ടി അണികളാണ് അമ്മയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നത്. അപ്പോളോ ആശുപത്രിക്ക് മുമ്പിലും കനത്ത സുരക്ഷയാണ് നല്‍കിയിട്ടുള്ളത്. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ണാടക തമിഴ് നാട്ടിലേക്കുള്ള ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി. കെഎസ്ആര്‍ടിസി ബസുകളും സര്‍വീസ് നിര്‍ത്തിയിട്ടുണ്ട്.






