
ന്യുഡല്‍ഹി: മുന്‍ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന അര്‍മേനിയ, അസര്ബൈജാന് രാജ്യങ്ങള്‍ തമ്മില്‍ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ 99 സൈനികര്‍ കൊല്ലപ്പെട്ടു. അര്‍മേനിയയുടെ 49 സൈനികരും അസര്‍ബൈജാന്റെ 50 സൈനികരുമാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഘര്‍ഷമുണ്ടായത്. അര്‍മേനിയയിലേക്ക് അസര്ബൈജാന് സേന നടത്തിയ ഡ്രോണ്‍, പീരങ്കി ആക്രമണത്തിന് പിന്നാലെയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് അര്‍മേനിയന്‍ പ്രതിരോധ മന്ത്രാലയം പറയുന്നു. എന്നാല്‍ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അര്‍മേനിയന്‍ സേന നടത്തിയ ഷെല്ലാക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നുവെന്നാണ് അസര്ബൈജാന് വിദേശകാര്യ മന്ത്രാലയം പറയുന്നത്. അസര്‍ബൈജന്‍ സൈനിക അധികാര ഇടങ്ങളില്‍ അര്‍മേനിയന്‍ സേന മൈനുകള്‍ സ്ഥാപിച്ചുവെന്നും വെടിവയ്പ് നടത്തിയെന്നും അവര്‍ ആരോപിക്കുന്നു.
നഗോര്‍നോ-കരബഖ് മേഖലയെ ചൊല്ലി ഒരു പതിറ്റാണ്ടിലേറെയായി ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. അസര്‍ബൈജാന്റെ ഭാഗമായ ഇവിടം അര്‍മേനിയന്‍ ഗോത്രസേന പിടിച്ചടക്കിയിരിക്കുകയാണ്. ഇവര്‍ക്ക് അര്‍മേനിയന്‍ സേനയുടെ സഹായവുമുണ്ട്. 1994ലെ വിഭജന യുദ്ധത്തിനു ശേഷം ഈ ഭാഗം അര്‍മേനിയുടെ പക്കലാണ്.
2020ല്‍ ആറാഴ്ച നീണ്ടുനിന്ന യുദ്ധത്തില്‍ അസര്ബൈജാന് അതിര്‍ത്തിയിലെ കുറച്ചുഭാഗം പിടിച്ചെടുത്തിരുന്നു. അന്നത്തെ യുദ്ധത്തില്‍ 6,600 പേരാണ് കൊല്ലപ്പെട്ടത്്.






