
പതിമൂന്നാം വയസ്സിലാണ് അഭിനയം തുടങ്ങുന്നത്. നാടകത്തില്‍. മുതിര്‍ന്നപ്പോള്‍ അമച്വര്‍ നാടകങ്ങളില്‍ സജീവമായി. അഭിനയം മാത്രമല്ല, സംവിധാനവും ചെയ്തു. കൈരളി ചാനല്‍ തുടങ്ങിയ സമയത്താണ് ഏഷ്യാനെറ്റിലെ 'കണ്ണാടി'യെ അനുകരിച്ച് ഒരു കോമഡി പ്രോഗ്രാം ചെയ്തത്. അത് കയറിയങ്ങ് ഹിറ്റായി.
പന്ത്രണ്ട് എപ്പിസോഡുകളാണ് അന്ന് ചെയ്തത്. തുടര്‍ന്നാണ് 'എട്ടരപ്പൊട്ടന്' എന്ന പ്രോഗ്രാം ചെയ്യുന്നത്. അതിനുശേഷം മിമിക്രി വേദികളില്‍ സജീവമായി. അന്ന് എ.കെ.ആന്റണി സാറാണ് പ്രതിപക്ഷനേതാവ്.
ഒരു വിവാഹ ആല്‍ബത്തില്‍ എന്റെ ഫോട്ടോ കണ്ട സുഹൃത്തുക്കള്‍ ചോദിച്ചു-നിനക്ക് ആന്റണിയുടെ ഡ്യൂപ്പ് ചെയ്തുകൂടെ? അങ്ങനെയാണ് 'എ.കെ.ആന്റണി'യായി വേദികളില്‍ എത്തിയത്. പിന്നീട് എവിടെപ്പോയാലും ആളുകള്‍ക്ക് വേണ്ടത് എ.കെ.ആന്റണിയെയാണ്.
ഇതിനിടയ്ക്കാണ് കോമഡി സീരിയല്‍ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ടായത്. ഒരു ചാനലിന്റെ പ്രോഗ്രാം ഡയറക്ടറോട് കഥ പറഞ്ഞു. സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന പ്രോഗ്രാമായിരുന്നു അത്.
''തകര്‍പ്പന്‍ സാധനമാണ്. രാജീവ് ഒരു കാര്യം ചെയ്യ്. അഞ്ച് എപ്പിസോഡ് ചെയ്തുകൊണ്ടുവാ. ഇപ്പോള്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന പ്രോഗ്രാം അടുത്തമാസം കഴിയും. ആ ഗ്യാപ്പില്‍ ഈ പ്രോഗ്രാം കയറ്റിവിടാം.''
സന്തോഷം തോന്നി. പക്ഷേ പണം എങ്ങനെയുണ്ടാക്കും? ബോംബെയില്‍ ബിസിനസുകാരനായ ഒരു സുഹൃത്തുണ്ടെനിക്ക്. അവനോട് കാര്യം പറഞ്ഞപ്പോള്‍ സംഗതി റെഡി.''നീ ഒട്ടും വിഷമിക്കേണ്ട. മൂന്നുലക്ഷം രൂപ ഞാന്‍ തരാം. പെട്ടെന്നുതന്നെ അഞ്ച് എപ്പിസോഡും ചെയ്തുകൊടുക്ക്.''
രണ്ടു ദിവസത്തിനുള്ളില്‍ പണം എന്റെ അക്കൗണ്ടിലേക്ക് വന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഷൂട്ടിംഗ് ആരംഭിച്ചു. 'ഭൂലോകം തരികിട തിമൃതത്തൈ' എന്നായിരുന്നു സീരിയലിന്റെ പേര്. സി.ഐ.ഡിമാരായി ബിജുക്കുട്ടനും ജാഫര്‍ ഇടുക്കിയുമാണ് അഭിനയിച്ചത്.
ഒപ്പം അനൂപ്, ബീനാആന്റണി, മീന ഗണേഷ്, ശ്രീഹരി എന്നിവരും. നാല് എപ്പിസോഡിന്റെ വര്‍ക്കുകള്‍ കഴിഞ്ഞപ്പോഴേക്കും മൂന്നുലക്ഷം തീര്‍ന്നു. ഇനി എന്തുചെയ്യും എന്നാലോചിച്ചപ്പോള്‍ അമേരിക്കയിലുള്ള സുഹൃത്ത് സഹായവുമായി വന്നു. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ അഞ്ച് എപ്പിസോഡുകള്‍ തീര്‍ത്തു. ചാനലിന്റെ ഓഫീസിലെത്തി പ്രോഗ്രാം ഡയറക്ടറെ കാണിച്ചു.
''സംഭവം നല്ലതാണ്. പക്ഷേ നമുക്കിത് സംപ്രേഷണം ചെയ്യാന്‍ കഴിയില്ല, രാജീവേ. ഇപ്പോള്‍ത്തന്നെ രണ്ടുമൂന്ന് പരമ്പരകള്‍ വെയിറ്റിംഗിലാണ്.''
വല്ലാത്ത സങ്കടമായി. അത്രയുംനാള്‍ കഷ്ടപ്പെട്ടതിന് ഫലമില്ലാതായ അവസ്ഥ. ഇനി അയാളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് വന്നപ്പോള്‍ മറ്റൊരു ചാനലിന്റെ ഓഫീസിലെത്തി. പൈലറ്റ് എപ്പിസോഡ് കണ്ടപ്പോള്‍ അവിടത്തെ പ്രോഗ്രാം ഡയറക്ടര്‍ക്കും ഇഷ്ടപ്പെട്ടു.
''രാജീവ് ഒരുകാര്യം ചെയ്യ്. ഒരു സ്പോണ്‍സറെ കണ്ടുപിടിച്ച് വാ. അതിനുശേഷം സംപ്രേഷണം ചെയ്യാം.''
പിന്നീട് സ്പോണ്സര്ക്കുവേണ്ടിയുള്ള അലച്ചിലിലായി. ഒടുവില്‍ ചെറിയൊരു തുകയ്ക്ക് സ്പോണ്‍സറെ കിട്ടി. നഷ്ടത്തിലാണെങ്കിലും സീരിയല്‍ ടി.വിയില്‍ വരുമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാന്‍. എന്നാല്‍ അപ്പോഴേക്കും വൈകിപ്പോയിരുന്നു.
മറ്റൊരു പ്രോഗ്രാം ഇടയ്ക്ക് കയറിവന്നത് എനിക്ക് തിരിച്ചടിയായി. ഇന്നത്തെപ്പോലെയല്ല അന്ന്. ഒരുപാട് ചാനലുകളൊന്നുമില്ല. വീണ്ടും ചാനലുകളുടെ ഓഫീസുകളില്‍ കയറിയിറങ്ങി. രക്ഷയില്ല. മാസങ്ങളോളം അതിന്റെ സങ്കടത്തിലായിരുന്നു ഞാന്‍. എവിടെയും പോയില്ല. വീട്ടില്‍ത്തന്നെയിരുന്നു.
സാമ്പത്തികമായി ഒരുപാട് കഷ്ടതകള്‍ അനുഭവിച്ച നാളുകളായിരുന്നു അത്. എനിക്കുണ്ടായ കഷ്ടപ്പാടിനേക്കാള്‍ സുഹൃത്തുക്കളുടെ കാര്യമോര്‍ത്താണ് വിഷമിച്ചത്. ബോംബെയിലെ സുഹൃത്ത് ഇടയ്ക്കിടെ വിളിക്കും.
വിശേഷങ്ങളൊക്കെ ചോദിക്കും. പക്ഷേ ഇന്നുവരെ അവന് പണം തിരിച്ചുചോദിച്ചിട്ടില്ല. കൊടുക്കാന്‍ എന്റെ കൈയിലില്ലെന്ന് അവനറിയാം. ഒരിക്കല്‍ ഇക്കാര്യം സൂചിപ്പിച്ചപ്പോള്‍ അവന് പറഞ്ഞു.
''നമുക്ക് വേറെന്തെങ്കിലും സംസാരിക്കാം.''
അക്കാര്യമോര്‍ത്ത് എനിക്കിപ്പോഴും കുറ്റബോധമുണ്ട്. അമേരിക്കയിലെ സുഹൃത്തും പണം ചോദിച്ചതേയില്ല. ചാനലിന്റെ പ്രോഗ്രാം ഡയറക്ടര്‍ ചതിച്ചപ്പോള്‍ എനിക്ക് നഷ്ടപ്പെട്ടത് വിലപ്പെട്ട ഒരുവര്‍ഷമാണ്. ഒരുപാട് പ്രോഗ്രാമുകള്‍ ആ സമയത്ത് ഒഴിവാക്കേണ്ടിവന്നു. പണം എങ്ങനെയെങ്കിലും നമുക്ക് തിരിച്ചുകൊടുക്കാം. പക്ഷേ നഷ്ടപ്പെട്ട ആ ഒരുവര്‍ഷത്തിന്റെ വിലആരുതരും?
അന്ന് ആ പരമ്പര സംപ്രേഷണം ചെയ്തിരുന്നെങ്കില്‍ എന്റെ ജീവിതം മറ്റൊരുതലത്തിലെത്തിയേനെ. പതുക്കെപ്പതുക്കെ ഞാന്‍ മിമിക്രി വേദികളില്‍ സജീവമായി. വീണ്ടും എന്നെ രക്ഷിച്ചത്'എ.കെ.ആന്റണി' സാറാണ്.
സിനിമാലയിലും മറ്റ് പ്രോഗ്രാമുകളിലുമായി മുഖം കാണിച്ചു. അതുകഴിഞ്ഞ് ഇപ്പോള്‍ പുതിയൊരു തമിഴ് സിനിമയില്‍ അഭിനയിക്കുകയാണ്. ചരണ്രാജിന്റെ മകന് നായകനാവുന്ന 'കോടാലി' എന്ന സിനിമയില്‍. ഈ സിനിമയാണ് ഇനിയെന്റെ പ്രതീക്ഷ. നഷ്ടപ്പെട്ടതെല്ലാം തിരിച്ചെടുക്കാന്‍ ഇതുവഴി കഴിഞ്ഞെങ്കില്‍...
തയ്യാറാക്കിയത്:
രമേഷ് പുതിയമഠം






