
കോംപാക്ട് എസ്യുവി സെഗ്മെന്റില്‍ മഹീന്ദ്രയുടെ ജനപ്രീയ മോഡലാണ് XUV300. ഈ മോഡലിന്റെ കൂടുതല്‍ കരുത്തുറ്റ പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര. 2022 ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇത് XUV300 സ്പോര്‍ട്സ് എന്നായിരിക്കും മിക്കവാറും അറിയപ്പെടുക. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ മോഡല്‍ ഒക്ടോബര്‍ 7-ന് വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന.
XUV300 സ്പോര്‍ട്സ് സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനേക്കാള്‍ കൂടുതല്‍ ടോര്‍ക്കും പവറും പുറത്തെടുക്കുന്ന മറ്റൊരു മോട്ടോറില്‍ നിന്നാണ് കരുത്ത് എടുക്കുന്നത്.
മഹീന്ദ്രയുടെ പുതിയ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് GDI മോട്ടോര്‍ 130 bhp കരുത്തും 230 Nm പരമാവധി ടോര്‍ക്ക് പുറപ്പെടുവിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് XUV300-ല്‍ നിലവില്‍ ലഭിക്കുന്ന ടര്‍ബോ പെട്രോള്‍ എഞ്ചിനേക്കാള്‍ ഇത് 20 bhp ഉം 30 Nm ഉം കൂടുതലാണ്. ലോഞ്ച് ചെയ്യുമ്പോള്‍, പുതിയ T-GDI എഞ്ചിന് 6-സ്പീഡ് മാനുവലുമായി ജോടിയാക്കും. എന്നാല്‍ പിന്നീട് എപ്പോഴെങ്കിലും ഒരു ഓട്ടോമാറ്റിക് ഓപ്ഷന് ലഭിച്ചേക്കാം. ലോഞ്ച് കഴിഞ്ഞാല്‍, ഈ സെഗ്മെന്റിലെ ഏറ്റവും ശക്തമായ പെട്രോള്‍ എസ്യുവിയായി XUV300 സ്പോര്‍ട്സ് മാറും. ഇന്ത്യയില്‍ നിര്‍മ്മിച്ച ഏറ്റവും സുരക്ഷിതമായ കാറുകളിലൊന്നായിരിക്കും ഇത്. വില സംബന്ധിച്ച് നിലവില്‍ സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും, നിലവില്‍ വിപണിയില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പതിപ്പിനെക്കാള്‍ പ്രീമിയം വില നല്‍കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.






