
പുതിയ XUV300 ടര്‍ബോസ്പോര്‍ട്ട് സീരീസ് വിപണിയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ മഹീന്ദ്ര. പുതിയ XUV300 TGDi-യുടെ പ്രാരംഭ പതിപ്പിന് 10.35 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. ഏറ്റവും പുതിയ മോഡല്‍ പുറത്തിറക്കുന്നതോടെ, പുതിയ മഹീന്ദ്ര XUV300 ഇപ്പോള്‍ മൂന്ന് അത്യാധുനിക പവര്‍ട്രെയിനുകളില്‍ വിപണിയില്‍ ലഭ്യമാകും.
നിലവിലുള്ള ഡീസല്‍, പെട്രോള്‍ ടര്‍ബോ സീരീസ്, പുതിയ ടര്‍ബോസ്പോര്‍ട്ട് സീരീസ്. W6, W8, W8(O) പെട്രോള്‍ മാനുവല്‍ എന്നീ മൂന്ന് വകഭേദങ്ങളിലും ആറ് കളര്‍ ഓപ്ഷനുകളിലും കാര്‍ വാങ്ങാന്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. ഇതില്‍ W6 ട്രിമ്മിന് 10.35 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുമ്പോള്‍, W8(O) ട്രിമ്മിന് 12.90 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില ഉയരുകയും ചെയ്യുന്നു. പുതിയ XUV300 ടര്‍ബോസ്പോര്‍ട്ട് സീരീസിന്റെ പ്രധാന ഹൈലൈറ്റ്, ഒരു പുതിയ 1.2 ലിറ്റര്‍ mStallion TGDi എഞ്ചിന്റെ പ്രവേശനം തന്നെയാണ്. പുതിയ XUV300 TGDi ടെസ്റ്റ് ഡ്രൈവുകള്‍ക്കും ബുക്കിംഗുകള്‍ക്കും ഡെലിവറികള്‍ക്കും ഒക്ടോബര്‍ 10 മുതല്‍ ഇന്ത്യയിലുടനീളം ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു.
നിലവിലെ ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ (INRC) മുന്‍ഗാമിയും 2019-ല്‍ റാലി അരങ്ങേറിയതു മുതല്‍ 6 ദേശീയ റാലികളിലെ വിജയിയുമായ മഹീന്ദ്ര സൂപ്പര്‍ XUV300-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ മോഡല്‍ എന്ന് കമ്പനി പറയുന്നു. സ്റ്റാന്‍ഡേര്‍ഡ് കാറില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ മോഡല്‍ എക്സ്റ്റീരിയര്‍ അപ്ഡേറ്റുകളുടെ ഒരു ശ്രേണി തന്നെയാണ് കമ്പനി അവതരിപ്പിക്കുന്നത്. മുന്‍വശത്ത്, പിയാനോ ബ്ലാക്ക് ഫിനിഷിലും ഓള്-ബ്ലാക്ക് ഒആര്‍വിഎമ്മുകളിലും റെഡ് ഗ്രില്‍ ഇന്‍സേര്‍ട്ടുകള്‍ പോലെയുള്ള സമര്‍പ്പിത സ്പോര്‍ട്ടി ഡിസൈന്‍ ആക്സന്റുകള്‍ ഉണ്ട്.
ഉള്ളില്‍ ലെതറെറ്റ് സീറ്റുകളും ക്രോം ഫിനിഷ് പെഡലുകളുമുള്ള ഒരു ബ്ലാക്ക് ഇന്റീരിയര്‍ ഉണ്ട്. കൂടാതെ, കാറിന് ഡ്യുവല്‍ ടോണ്‍ എക്സ്റ്റീരിയര്‍ ലഭിക്കുകയും ചെയ്യുന്നു. XUV300 TGDi നാല് പുതിയ കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ് - 3 പുതിയ ഡ്യുവല്‍-ടോണ്‍ നിറങ്ങള്‍ - ബ്ലാക് റൂഫ് ടോപ്പുള്ള ബ്ലേസിംഗ് ബ്രോണ്‍സ്, വൈറ്റ് റൂഫ് ടോപ്പുള്ള നാപ്പോളി ബ്ലാക്ക്, ബ്ലാക്ക് റൂഫ് ടോപ്പുള്ള പേള്‍ വൈറ്റ്, മോണോടോണില്‍ ബ്ലേസിംഗ് ബ്രോണ്‍സ്. ഈ വേരിയന്റിനൊപ്പം നിലവിലുള്ള മോണോടോണ്‍ പേള്‍ വൈറ്റും നാപോളി ബ്ലാക്കും തുടര്‍ന്നും നല്‍കുന്നുണ്ട്. പ്രകടനത്തിന്റെ കാര്യത്തില്‍, പുതിയ XUV300 TGDi 5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയുമെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു.
സുരക്ഷയുടെ കാര്യത്തില്‍ XUV300 ടര്‍ബോസ്പോര്‍ട്ടിന് എല്ലാ 4-ഡിസ്ക് ബ്രേക്കുകളും ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകളും 6 എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റുള്ള ESP, എബിഎസ്, പാസഞ്ചര്‍ എയര്‍ബാഗ് ഡീആക്ടിവേഷന്‍ സ്വിച്ച്, ISOFIX സീറ്റുകള്‍, കോര്‍ണര്‍ ബ്രേക്കിംഗ് കണ്ട്രോള് എന്നിങ്ങനെയുള്ള മറ്റ് സുരക്ഷാ സവിശേഷതകളും ലഭിക്കുന്നു.






