
ആലപ്പുഴ:ഭാവാഭിനയത്തിലെ മികവുകൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കിയ അതുല്യ പ്രതിഭ നെടുമുടി വേണു അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. നിരവധി നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള ഈ കുട്ടനാട്ടുകാരന് ഇന്ത്യന്‍ സിനിമയിലെ തന്നെ പ്രതിഭാധനരായ അഭിനേതാക്കളില്‍ ഒരാളായാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. മൂന്ന് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറു തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയിട്ടുള്ള വേണു നായകനും വില്ലനും സ്വഭാവ നടനുമൊക്കെയായി അരനൂറ്റാണ്ടു കാലത്തോളമാണ് അഭിനയ ലോകത്ത് നിറഞ്ഞുനിന്നത്. 73-ാം വയസിലായിരുന്നു അന്ത്യം.
ആലപ്പുഴ ജില്ലയിലെ നെടുമുടിയില്‍ അധ്യാപകരായിരുന്ന പി.കെ കേശവന് പിള്ളയുടേയും കുഞ്ഞിക്കുട്ടിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം ആലപ്പുഴ എസ്.ഡി കോളജില്‍ സഹപാഠിയായിരുന്ന സംവിധായകന് ഫാസിലുമായി ചേര്‍ന്ന് മിമിക്രിയും നാടകങ്ങളും അവതരിപ്പിച്ചാണ് കലാരംഗത്തു സജീവമായത്. കാവാലം നാരായണപ്പണിക്കരെ പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ നാടക സംഘത്തില്‍ ചേര്‍ന്നതും വഴിത്തിരിവായി. കാവാലത്തിനൊപ്പം തിരുവനന്തപുരത്ത് ചുവടുറപ്പിച്ച വേണു നാടകങ്ങളിലൂടെ തിളങ്ങി സിനിമയിലേക്ക് എത്തുകയായിരുന്നു. കാവാലത്തിന്റെ നാടക കളരിയായ സോപാനത്തിന്റെ ആഭിമുഖ്യത്തില്‍ ജവഹര്‍ ബാലഭവന്റെ സഹകരണത്തോടെ ആലപ്പുഴയില്‍ ഇന്ന് നെടുമുടിത്താളം എന്ന പേരില്‍ പ്രത്യേക സ്മരണാഞ്ജലി സംഘടിപ്പിക്കും. ജവഹര്‍ ബാലഭവന് ഓഡിറ്റോറിയത്തില്‍ വൈകിട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളും കലാസാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. കാവാലം ശ്രീകുമാറിന്റേയും അനില്‍ പഴവീടിന്റേയും നേതൃത്വത്തില്‍ സോപാനം കലാകാരന്മാര് പാട്ടരങ്ങും അവതരിപ്പിക്കും.






