
ന്യൂഡല്‍ഹി: മതത്തിനുള്ളിലെ ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് നിര്‍ണയിക്കാന്‍ തങ്ങള്‍ക്ക് അധികാരവും അധികാരപരിധിയുമുണ്ടെന്ന് സുപ്രീം കോടതി. അത്തരം ചോദ്യങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയ്‌ക്ക് പുറത്താണെന്ന കേന്ദ്രത്തിന്റെ വാദത്തെ തള്ളി. കേരളത്തിലെ ശബരിമല ക്ഷേത്രം ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായ വിവേചനവും ഭരണഘടനയ്‌ക്ക് കീഴിലുള്ള മതസ്വാതന്ത്ര്യത്തിന്റെ വിശാലമായ വ്യാപ്‌തിയും സംബന്ധിച്ച ഹര്‍ജികളുടെ വാദം കേള്‍ക്കുന്നതിനിടെയാണ് ഈ പരാമര്‍ശങ്ങള്‍.
ചീഫ് ജസ്‌റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ഒമ്പത് അംഗ ഭരണഘടനാ ബെഞ്ചാണു വിവിധ വിശ്വാസങ്ങളിലെ മതപരമായ ആചാരങ്ങളുടെ പരിധിയും കോടതികള്‍ക്ക് എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നും പരിശോധിക്കുന്നത്. ഒരു ആചാരം അന്ധവിശ്വാസമാണോയെന്ന് കോടതികള്‍ക്ക് എങ്ങനെ വിലയിരുത്താന്‍ കഴിയുമെന്നു തുടക്കത്തില്‍ തന്നെ കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആരാഞ്ഞു. ഒരു ആചാരം അന്ധവിശ്വാസമാണെന്നു നിര്‍ണയിക്കേണ്ടത് കോടതിയല്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25(2)(ബി) പ്രകാരം, നിയമസഭ ഇടപെട്ട് ഒരു പരിഷ്‌കരണ നിയമം നടപ്പാക്കണം. ഒരു പ്രത്യേക ആചാരം അന്ധവിശ്വാസമാണെന്നും പരിഷ്‌കരണം ആവശ്യമാണെന്നും നിയമസഭയ്‌ക്ക് നിശ്‌ചയിക്കാം. മന്ത്രവാദവും മറ്റ് അത്തരം ആചാരങ്ങളും തടയാന്‍ നിരവധി ചട്ടങ്ങളും നിയമങ്ങളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചീഫ് ജസ്‌റ്റിസിനു പുറമേ ബി.വി. നാഗരത്‌ന, എം.എം. സുന്ദരേഷ്, അഹ്‌സാനുദ്ദീന്‍ അമാനുല്ല, അരവിന്ദ് കുമാര്‍, അഗസ്‌റ്റിന്‍ ജോര്‍ജ് മാസി, പ്രസന്ന ബി. വരാലെ, ആര്‍. മഹാദേവന്‍, ജോയ്‌മല്യ ബാഗ്‌ചി എന്നിവരടങ്ങുന്നതാണ് ഭരണഘടനാ ബെഞ്ച്.
ഒരു ആചാരം അന്ധവിശ്വാസമാണോ എന്ന് പരിശോധിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെന്ന് ജസ്‌റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുല്ല പറഞ്ഞു. 'തുടര്‍ന്ന് എന്ത് സംഭവിക്കുമെന്ന് നിയമസഭയാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, നിയമസഭ എന്ത് തീരുമാനിച്ചാലും അത് അവസാന വാക്ക് ആണെന്ന് കോടതിയില്‍ പറയാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
മതപരമായ സിദ്ധാന്തങ്ങളെ വിലയിരുത്താന്‍ ഒരു മതേതര കോടതിക്ക് വൈദഗ്‌ദ്ധ്യം ഇല്ലെന്ന് മേത്ത വാദിച്ചു. ജഡ്‌ജിമാര്‍ മതത്തിലല്ല, നിയമമേഖലയിലാണു വിദഗ്‌ധരായത്. മത വൈവിധ്യം അത്തരം തീരുമാനങ്ങളെ സങ്കീര്‍ണമാക്കും. നാഗാലന്‍ഡിലെ മതപരമായ എതെങ്കിലും ആചാരം ഒരാള്‍ക്ക് അന്ധവിശ്വാസമായിരിക്കാം. മഹാരാഷ്ര്‌ടയില്‍ കരിമ്പട്ടികയുണ്ട്. നമ്മുടെ പ്രദേശത്ത് ഇത് വ്യാപകമായ ആചാരമാണെന്നും അതുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 25(2)(്വ) പ്രകാരം ഞങ്ങള്‍ ഇത് സംരക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞേക്കാമെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു.
മന്ത്രവാദം പോലുള്ള ആചാരങ്ങളെ മതപരമായി സംരക്ഷിക്കാന്‍ കഴിയുമോ ജസ്‌റ്റിസ് ജോയ്‌മല്യ ബാഗ്‌ചി ചോദിച്ചു. മന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു ആചാരവും നിരോധിക്കുകയാണ് ചെയ്യേണ്ടത്. നിയമസഭയാണെന്നാണു വാദം. മതപരമായ ഒരു മന്ത്രവാദ ആചാരം നിലവിലുണ്ടെന്നും നിയമസഭ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 32 പ്രകാരം കോടതി സമീപിച്ചാല്‍ കോടതി എന്തു പറയും.
'ആരോഗ്യം, ധാര്‍മ്മികത, പൊതു ക്രമം' എന്നിവ സടിസ്‌ഥാനമാക്കി അത്തരമൊരു ആചാരം നിരോധിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കാന്‍ കോടതിക്ക് കഴിയില്ലേയെന്നു ജസ്‌റ്റിസ് ബാഗ്‌ചി മേത്തയോട് ചോദിച്ചു. 'ആരോഗ്യം, ധാര്‍മ്മികത, പൊതു ക്രമം' എന്നിവയുടെ അടിസ്‌ഥാനത്തിലാണ് ജുഡീഷ്യല്‍ അവലോകനം ന്യായീകരിക്കപ്പെടുന്നതെന്നും ഒരു ആചാരത്തെ അന്ധവിശ്വാസമായി മുദ്രകുത്തുന്നതിന്റെ അടിസ്‌ഥാനത്തിലല്ലെന്നും സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി.






