ആനന്ദ് മഹീന്ദ്ര സ്വന്തമാക്കിയ സ്കോര്‍പിയോ എന്നിന് ഭീം എന്ന പേരു നല്കി. കഴിഞ്ഞ ദിവസം പുതിയ സ്കോര്‍പിയോ എന്‍ വാങ്ങിയ വിവരം ട്വീറ്റ് ചെയ്ത ആനന്ദ് മഹീന്ദ്ര, അതിനൊരു പേരു നിര്‍ദേശിക്കാന്‍ അഭ്യര്‍ഥിച്ചിരുന്നു. അതിനു ശേഷമാണ് പേരിട്ട കാര്യം ട്വീറ്റ് ചെയ്തത്. ഇനി മുതല്‍ ഈ വാഹനം എന്റെ 'ലാല്‍ ഭീം' (ചുവന്ന ഭീം) ആയിരിക്കുമെന്നായിരുന്നു ട്വീറ്റ്.
2002 -ല്‍ ഇന്ത്യയില്‍ പുറത്തിറങ്ങി നീണ്ട 20 വര്‍ഷമായി നിരത്തുകളിലുള്ള സ്കോര്‍പിയോയുടെ പുതിയ മോഡല്‍ ഇറങ്ങിയത് അടുത്തിടെയാണ്. ബുക്കിങ് ആരംഭിച്ച് വെറും 30 മിനിറ്റില്‍ 1 ലക്ഷം ബുക്കിങ്ങുകള്‍ വാഹനത്തിന് ലഭിച്ചെന്ന് മഹീന്ദ്ര അറിയിച്ചിരുന്നു. ബുക്ക് ചെയ്തവരില്‍ ആദ്യ 25000 യൂണിറ്റുകളുടെ വിതരണം ഡിസംബറിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമിക്കുന്നത്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി ഒമ്പതു വകഭേദങ്ങളില്‍ ലഭിക്കുന്ന വാഹനത്തിന്റെ പ്രാരംഭ വില 11.99 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയാണ്.
മഹീന്ദ്ര ഥാര്‍, എക്സ്യുവി 700 എന്നിവയില്‍ ഉപയോഗിക്കുന്ന 2.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തിന് കരുത്തു പകരുന്നത്. ഡീസല്‍ എന്ജിന് രണ്ടു ട്യൂണിങ്ങുകളില്‍ ലഭിക്കും. പെട്രോള്‍ എന്ജിന് 203 എച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്ജിന് 132 എച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുള്ള പതിപ്പും 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്നോ, മഡ്, സാന്റ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടമാറ്റിക് ഗിയര്‍ബോക്സുകള്‍.






