ഇന്ത്യയില്‍ മോട്ടറോള ഇ-സീരീസിലെ വില കുറഞ്ഞ ഏറ്റവും പുതിയ സ്മാര്‍ട് ഫോണ്‍ മോട്ടോ ഇ22എസ് അവതരിപ്പിച്ചു. 16 മെഗാപിക്സലിന്റേതാണ് പിന് ക്യാമറ. മോട്ടോ ഇ22എസ് ഒറ്റ 4ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8,999 രൂപയാണ്. ആര്‍ട്ടിക് ബ്ലൂ, ഇക്കോ ബ്ലാക്ക് കളര്‍ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. മോട്ടോ ഇ22എസ് ഇന്ത്യയില്‍ ആദ്യമായി ഒക്ടോബര്‍ 22 മുതല്‍ ഫ്ലിപ്കാര്ട്ടിലൂടെയും മറ്റ് പ്രമുഖ റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും വില്പനയ്ക്കെത്തും.
64 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുള്ള ഡ്യുവല്‍ സിം (നാനോ) 4 ജി ഹാന്‍ഡ്സെറ്റാണിത്. ഇത് മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി കൂടുതല്‍ വികസിപ്പിക്കാന്‍ കഴിയും. ബ്ലൂടൂത്ത് വി5.0, 2.4GHz, 5GHz ഡ്യുവല്‍-ബാന്‍ഡ് വൈ-ഫൈ എന്നിവയും മോട്ടോ ഇ22എസ് പിന്തുണയ്ക്കുന്നു. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും ഫെയ്സ് അണ്‍ലോക്ക് സാങ്കേതികവിദ്യയും ഇതിലുണ്ട്. IP52റേറ്റഡ് വാട്ടര്‍ റെസിസ്റ്റന്റ് ഡിസൈനും ഇതിനുണ്ട്. 10W വയര്‍ഡ് ചാര്‍ജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ഇ22എസ് പായ്ക്ക് ചെയ്യുന്നത്. മോട്ടോ ഇ22എസ് ഹാന്‍ഡ്സെറ്റ് മോട്ടറോളയുടെ മൈ യുഎക്സ് ഇന്റര്‍ഫേസിനൊപ്പം ആന്‍ഡ്രോയിഡ് 12 ഔട്ട്-ഓഫ്-ദി-ബോക്സിലാണ് പ്രവര്‍ത്തിക്കുന്നത്.
90Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യയുമുള്ള 6.5-ഇഞ്ച് എച്ച്ഡി+ (720x1,600 പിക്സലുകള്‍) എല്‍സിഡി ഐപിഎസ് സ്ക്രീന്‍ ഈ ഹാന്‍ഡ്സെറ്റിന്റെ സവിശേഷതയാണ്. പവര്‍വിആര്‍ ജിഇ8320 ജിപിയു, 4 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസസര്‍ ആണ് ഇതിലുള്ളത്. 16 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണത്തോടെയാണ് മോട്ടോ ഇ22എസ് വരുന്നത്. മുന്‍വശത്ത്, 8 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറയും ഉണ്ട്. ഫ്രണ്ട്, റിയര്‍ ക്യാമറകള്‍ 30fps-ല്‍ ഫുള്‍-എച്ച്ഡി വിഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുമെന്നാണ് മോട്ടറോള അവകാശപ്പെടുന്നത്.






