
താന്‍ വാങ്ങാന്‍ പോകുന്ന ആദ്യ ഇലക്ട്രിക് വാഹനം ഏതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന്. അടുത്തിടെ താരം തന്റെ ഗാരേജില്‍ ഉള്ള ചില കാറുകള്‍ ആരാധകര്‍ക്കായി കാണിച്ചിരുന്നു. ദുല്‍ഖര്‍ തന്നെയായിരുന്നു വാഹനത്തെ കുറിച്ച് വിശദീകരണം നല്‍കിയിരുന്നത്. അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവിന്റെ പുതിയ വാഹനമായ F77 ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്ക് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം ദുല്‍ഖര്‍ സല്മാന് സോഷ്യല്‍ മീഡിയയിലൂടെ താന്‍ അള്‍ട്രാവയലറ്റ് F77 ഹൈ-പെര്‍ഫോമന്‍സ് ഇലക്ട്രിക് ബൈക്കിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഇത് തന്റെ ആദ്യത്തെ ഇവിയായിരിക്കുമെന്നും വെളിപ്പെടുത്തിയിരുന്നു. താരം തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലിലൂടെ വിവരം പങ്കുവെച്ചത്. ദുല്‍ഖറിന് ഒരു ലിമിറ്റഡ് എഡിഷന് പതിപ്പ് ലഭിക്കുമെന്നാണ് വീഡിയോയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. വര്‍ഷങ്ങളായി താന്‍ അള്‍ട്രാവയലറ്റ് ബ്രാന്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും താരം തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ടിവിഎസ് പിന്തുണക്കുന്ന ബെംഗളൂരു ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ആണ് അള്‍ട്രാവയലറ്റ് ഓട്ടോമോട്ടീവ്. F77 പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ബ്രാന്‍ഡോ കമ്പനിയോ നിര്‍മ്മിച്ചതാണ്. അള്‍ട്രാവയലറ്റ് 3 വര്‍ഷത്തിലേറെയായി മോട്ടോര്‍സൈക്കിളുകളില്‍ പരീക്ഷണങ്ങള്‍ നടത്തി വരികയാണ്. മോട്ടോര്‍സൈക്കിളിന്റെ രേഖാചിത്രങ്ങളും പ്രോട്ടോടൈപ്പുകളും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലോഞ്ച് കഴിഞ്ഞാല്‍ ഇന്ത്യയില്‍ നിന്ന് പുറത്തിറങ്ങുന്ന ഏറ്റവും അഗ്രസീവ് ഇലക്ട്രിക് മോട്ടോര്‍സൈക്കിളായി F77 മാറും. നവംബര്‍ 24-നാണ് മോട്ടോര്‍സൈക്കിള്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നത്. ബൈക്കിനുള്ള ബുക്കിംഗ് ഒക്ടോബര്‍ 23-ന് ആരംഭിക്കും. 3-4 ലക്ഷം രൂപക്കിടയിലാണ് അള്‍ട്രാവയലറ്റ് എ77 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില പ്രതീക്ഷിക്കുന്നത്.






