
തിരുവനന്തപുരം: മ്യൂസിയത്ത് വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും കുറുവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ സന്തോഷിനെതിരെ ഒരു പരാതി കൂടി. ഡിസംബറില്‍ ഒരു വീട്ടില്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച കേസിലാണ് അനേ്വ്വഷണം. സന്തോഷിന്റെ ചിത്രം കണ്ട് ആളെ തിരിച്ചറിഞ്ഞ പെണ്‍കുട്ടി ഇന്ന് വീണ്ടും പോലീസിനെ സമീപിച്ചു. നേരത്തെ പരാതി നല്‍കിയിരുന്നുവെങ്കിലും പോലീസ് അന്വേഷണത്തില്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
കുറവന്‍കോണത്തെ വീട്ടില്‍ അതിക്രമിച്ചുകയറിയതിന് അറസ്റ്റിലായ സന്തോഷിനെ ഇന്ന് അതിക്രമം നേരിട്ട വനിത ഡോക്ടര്‍ തിരിച്ചറിഞ്ഞു. പോലീസ് സ്റ്റേഷനില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണ് തിരിച്ചറിഞ്ഞത്. പ്രതി ഇയാള്‍ തന്നെയാണെന്ന് ഡോക്ടര്‍ മാധ്യമങ്ങളോടും പറഞ്ഞു. ഭാവഭേദമില്ലാതെയാണ് പ്രതി ഇതിനോട് പ്രതികരിച്ചത്. തന്നെ കുടുക്കുകയാണെന്നാണ് പ്രതി പറയുന്നത്.
ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്റെ പഴ്സണല്‍ അസിസ്റ്റന്റിന്റെ ഡ്രൈവറാണ് പിടിയിലായ മലയന്‍കീഴ് സ്വദേശിയായ സന്തോഷ്. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സര്‍ക്കാര്‍ ബോര്‍ഡുള്ള ഇന്നോവ കാറിലെത്തിയാണ് ഇയാള്‍ സ്ത്രീകളെ ഉപദ്രവിച്ചിരുന്നത്. ഇയാളെ ഇന്നലെ സെക്രട്ടേറിയറ്റില്‍ നിന്നാണ് പിടികൂടിയത്. ഇറിഗേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ളതാണ് കാര്‍.






