
ന്യുഡല്‍ഹി : അണ്ണാ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ച് നടി ഗൗതമി. പാര്‍ട്ടിയുടെ പ്രൊപ്പഗണ്ട ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായിരുന്നു.അതീവ ദുഃഖത്തോടെ പാര്‍ട്ടി വിടുന്നുവെന്നാണ് എക്സ് പോസ്റ്റ്. രാജിയില്‍ പ്രതികരിക്കാതെ എടപ്പാളി പളനിസാമി .2017 മുതല്‍ ബിജെപി അംഗമായിരുന്ന ഗൗതമി 2024 ലാണ് എഡിഎംകെയില്‍ ചേര്‍ന്നത്.
ജനങ്ങളെ കൂടുതൽ അനുയോജ്യമായ രീതിയിൽ സേവിക്കുന്നതിനും സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനും വേണ്ടിയാണ് ഈ പിന്മാറ്റമെന്നും അവർ കൂട്ടിച്ചേർത്തു. താൻ പാർട്ടിയിൽ പ്രവേശിച്ച ദിവസം മുതൽ ഇന്നുവരെ എല്ലാവിധ പിന്തുണയും സഹകരണവും നൽകിയ അണ്ണാ ഡിഎംകെയിലെ മുൻ മന്ത്രിമാർ, ആസ്ഥാന ഭാരവാഹികൾ, വിവിധ പോഷക സംഘടനകളുടെ സംസ്ഥാന സെക്രട്ടറിമാർ, ജില്ലാ-യൂണിയൻ ഭാരവാഹികൾ എന്നിവർക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായും ഗൗതമി തന്റെ കുറിപ്പിൽ വ്യക്തമാക്കി.
അതേസമയം എഐഎഡിഎംകെ ടിക്കറ്റിൽ തമിഴ്നാട്ടിലെ രാജപാളയം സീറ്റിൽ നിന്ന് തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കടുത്ത ആഗ്രഹം അവർ പാർട്ടി നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ഇത്തവണയും അവർക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചില്ല. എന്നാൽ സീറ്റ് നിഷേധിക്കപ്പെട്ടിട്ടും പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഉടനീളം അവർ അതീവ സജീവമായി പങ്കെടുത്തിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി രാജപാളയം മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ താൻ സജീവമാണെന്നും കച്ചവട രാഷ്ട്രീയത്തിനപ്പുറം സാധാരണക്കാരെ സേവിക്കുന്നത് തന്റെ വ്യക്തിപരമായ ലക്ഷ്യമാണെന്നും ഗൗതമി മുൻപും വ്യക്തമാക്കിയിരുന്നു.






