സാന്‍ഫ്രാന്‍സിസ്കോ : ഗൂഗിള്‍ പിക്സല്‍ 8 സീരീസിന്റെ വിവരങ്ങള്‍ പുറത്ത്. ഗൂഗിള്‍ പുറത്തിറക്കാനിരിക്കുന്ന പിക്സല്‍ 8 സ്മാര്‍ട്ഫോണില്‍ പുതിയ പ്രൊസസറും കൂടുതല്‍ റാമും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. പിക്സല്‍ 8, പിക്സല്‍ 8 പ്രോ ഫോണുകളില്‍ 12 ജിബി റാം ഉണ്ടാവുമെന്നാണ് ആന്‍ഡ്രോയിഡ് പോലീസ് വെബ്സൈറ്റ് നല്കുന്ന റിപ്പോര്‍ട്ട്.
പ്രോ മോഡലില്‍ 2822 x 1344 പിക്സല്‍ ഡിസ്പ്ലേ റസലൂഷന്‍ ഉണ്ടാകുമെന്നും പിക്സല്‍ 8 ല്‍ 2268 x 1080 റസലൂഷനുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ഫോണുകളിലും ഗൂഗിളിന്റെ പുതിയ ടെന്‍സര്‍ ജി3 ചിപ്പ് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസങ് ഒരു വരും തലമുറ ടെന്‍സര്‍ ചിപ്പ് സെറ്റ് പരീക്ഷിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പിക്സല്‍ 8 സീരീസില്‍ വരാനിരിക്കുന്ന ടെന്‍സര്‍ തേഡ് ജനറേഷന് ചിപ്പ്സെറ്റ് ആണെന്നാണ് പറയപ്പെടുന്നത്.
ചിപ്പ്സെറ്റിന്റെ ഡെവലപ്പ്മെന്റ് ബോര്‍ഡിന്റെ കോഡ് നാമം 'റിപ്പ് കറന്റ്' എന്നാണെന്നും ചിപ്പ് സെറ്റിന് നല്കിയ കോഡ് നാമം 'സൂമ' എന്നാണെന്നും ഗിസ്മോ ചൈന റിപ്പോര്‍ട്ട് ചെയ്യുന്നു. സാംസങിന്റെ സിസ്റ്റം എല്എസ്ഐയുടെ സഹായത്തോടെയാണ് ഗൂഗിള്‍ ടെന്‍സര്‍ ചിപ്പ് വികസിപ്പിച്ചത്. ഇത് നിര്‍മിച്ച് നല്‍കുന്നത് സെമികണ്ടക്ടര്‍ നിര്‍മാണ സ്ഥാപനമായ സാംസങ് ഫൗണ്ട്രിയാണ്.






