
ബാലതാരമായും നായികയായും മലയാളികളുടെ പ്രിയ താരമായിരുന്നു ശാലിനി. മലയാള സിനിമയില്‍ സജീവമായിരിക്കെയാണ് നടി തമിഴ് സിനിമയില്‍ അഭിനയിക്കുന്നതും പിന്നീട് നടന് അജിത്തുമായുള്ള പ്രണയവും വിവാഹവും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും പൂര്‍ണ്ണമായി മാറി നില്‍ക്കുകയാണ് താരം.
പൊതുവേദികളിലും നടി പ്രത്യക്ഷപ്പെടാറുള്ളത് അപൂര്‍വമായിട്ടാണ്. അജിത്തും ശാലിനിയും സാമൂഹിക മാധ്യമങ്ങളിലും ഇല്ല എന്നതും ശ്രദ്ധേയമാണ്. ഇപ്പോള്‍ ശാലിനി ഇന്‍സ്റ്റാഗ്രാമില്‍ ജോയിന്‍ ചെയ്തിരിക്കുകയാണ്. ശാലിനിയുടെ സഹോദരിയും നടിയുമായ ശാമിലിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ശാലിനിയുടെ ഇന്‍സ്റ്റഗ്രാം പേജിന്റെ ചിത്രം പങ്കുവച്ച് 'വെല്‍ക്കം ടു ഇന്‍സ്റ്റഗ്രാം' എന്നാണ് ശാമിലി കുറിച്ചിരിക്കുന്നത്.
ജോയിന്‍ ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നിടുമ്പോഴേക്കും നിരവധി ആരാധകരാണ് ഇപ്പോള്‍ ശാലിനിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. അജിത്തിനൊപ്പമുള്ള രണ്ട് ചിത്രങ്ങളും ശാലിനി പങ്കുവച്ചിട്ടുണ്ട്. ഇനി ഇരുവരുടെയും വിശേഷങ്ങള്‍ അറിയാമെന്ന പ്രതീക്ഷയിലാണ് ആരാധകരും. റിലീസിനൊരുങ്ങുന്ന അജിത്ത് ചിത്രം തുണിവിന് പ്രൊമോഷന് ആണോയെന്നും ഒരുവിഭാഗമാളുകള്‍ ചോദിക്കുന്നുണ്ട്.
അടുത്ത വര്‍ഷം പൊങ്കല്‍ റിലീസായി തുണിവ് എത്തും. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായികയാകുന്നത് മഞ്ജു വാര്യര്‍ ആണ്. ചിത്രം പാന്‍ ഇന്ത്യന്‍ റിലീസായി പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ത്രില്ലര്‍ വിഭാഗത്തിലൊരുങ്ങുന്ന ചിത്രമാണ് തുണിവ്. ചിത്രത്തില്‍ അജിത്തിന്റെ പ്രതിനായകനായി എത്തുന്നത് ജോണ്‍ കൊക്കന് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.