
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തില്‍ സി.പി.എമ്മിനോട് വിയോജിച്ച് കേരള കോണ്‍ഗ്രസ് (എം). സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരേ പോലും കേസെടുത്തത് നിര്‍ഭാഗ്യകരമായി പോയെന്നും സമരക്കാര്‍ക്ക് സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പൂര്‍ണമായും പാലിക്കപ്പെട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി പറഞ്ഞു.
കഴിഞ്ഞ ദിവസമുണ്ടായ അക്രമ സംഭവങ്ങള്‍ ആസൂത്രിതമാണെന്ന് കരുതാനാവില്ലെന്നും എടുത്ത അഞ്ച് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വേഗതയുണ്ടായില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ആ സ്ഥലത്ത് പോലും ഇല്ലാതിരുന്ന ബിഷപ്പിനെതിരെ ഉദ്യോഗസ്ഥര്‍ ഇങ്ങനെ ഒരു കേസ് ചാര്‍ജ് ചെയ്തത് നിര്‍ഭാഗ്യകരമായി പോയി. അതിലേക്ക് പോകാന്‍ പാടില്ലായിരുന്നു.
ആക്രമണം ആസൂത്രിതമല്ല. അതൊക്കെ ഒരു വികാരത്തിന്റെ പുറത്ത് ഉണ്ടാകുന്നതാണ്. ഒരു പ്രത്യേക സാഹചര്യവും പ്രത്യേക മേഖലയുമാണ്. അവിടെ ചര്‍ച്ചകള്‍ നീണ്ടുപോകാതെ പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നുമാണ് ജോസ് കെ.മാണി ആവശ്യപ്പെട്ടത്.
വിഴിഞ്ഞം മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ചിലര്‍ ഗൂഢശ്രമങ്ങള്‍ നടത്തുകയാണെന്നാണ് സി.പി.എം ആരോപിച്ചത്. കഴിഞ്ഞ ദിവസം വിഴിഞ്ഞത്തുണ്ടായ സംഭവങ്ങള്‍ അത്യന്തം ഗൗരവതരവും, അപലപനീയവുമാണ്. സമരം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങള്‍ കുത്തിപ്പൊക്കി കടലോര മേഖലയില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സമരത്തിന്റെ പേരില്‍ നടക്കുന്നതെന്നാണ് സി.പി.എം യോഗത്തില്‍ എടുത്ത നിലപാട്.






