
ബംഗളൂരു: എല്ലാ മേഖലകളിലും ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് കര്‍ണാടക തൊഴില്‍ മന്ത്രി സന്തോഷ് ലാഡ്. നിര്‍ദ്ദിഷ്ട നിയമം ഔദ്യോഗികമായി പാസാക്കുന്നത് വരെ ആര്‍ത്തവ അവധി നടപ്പിലാക്കാന്‍ കര്‍ണാടക ഹൈക്കോടതി അടുത്തിടെ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ആര്‍ത്തവ അവധി നയത്തിന് പിന്തുണ നല്‍കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.
ആര്‍ത്തവ അവധി നയം സമഗ്രമായും രാജ്യത്തിന് തന്നെ മാതൃകയാകുന്ന രീതിയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ച നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് 'എക്‌സില്‍' പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറഞ്ഞു. ആര്‍ത്തവ അവധി എന്നത് സ്ത്രീകളുടെ അന്തസ്സിന്റെയും നീതിയുടെയും അവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെ മാനുഷികമായി അംഗീകരിക്കുന്നതിന്റെയും വിഷയമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. മാസത്തില്‍ ഒരു ദിവസം, അല്ലെങ്കില്‍ വര്‍ഷത്തില്‍ 12 ദിവസം എന്ന കണക്കില്‍ ശമ്പളത്തോടുകൂടിയ ആര്‍ത്തവ അവധി എല്ലാ മേഖലകളിലും എത്രയും വേഗം ഞങ്ങള്‍ നടപ്പിലാക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമം വരുന്നത് വരെയുള്ള ഇടക്കാലയളവില്‍, ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, സര്‍ക്കുലറുകള്‍, ഭരണപരമായ നിര്‍ദ്ദേശങ്ങള്‍ എന്നിവ പുറപ്പെടുവിച്ച് ഈ നയം എല്ലാ മേഖലകളിലും ഏകീകൃതമായും കൃത്യമായും നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണെന്ന് കോടതി പറഞ്ഞു. എല്ലാ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഒരു ദിവസത്തെ ആര്‍ത്തവ അവധി അനുവദിച്ചുകൊണ്ടുള്ള 2025 നവംബര്‍ 20-ലെ സര്‍ക്കാര്‍ ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ബെലഗാവി ജില്ലയിലെ ഗോകാക് താലൂക്കിലെ ഹോട്ടല്‍ ജീവനക്കാരിയായ 41-കാരി ചന്ദ്രവ്വ ഹനുമന്ത് ഗോകാവി ധാര്‍വാഡ് ബെഞ്ചില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്.






