ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണി പുറത്തിറക്കാന്‍ പോവുന്നെന്ന് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫ്. വാഹനം വാങ്ങാന്‍ താത്പര്യം ഉള്ള ഉപഭോക്താക്കള്‍ക്ക് രാജ്യത്തെ എല്ലാ ട്രയംഫ് ഡീലര്‍ഷിപ്പുകളിലും ഈ പ്രീമിയം ബൈക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യാം. പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണിയുടെ പ്രീ-ബുക്കിംഗ് തുക 50,000 രൂപ ആയാണ് ട്രയംഫ് നിശ്ചയിച്ചിരിക്കുന്നത്. സ്ട്രീറ്റ് ട്രിപ്പിള്‍ R, RS എന്നീ രണ്ട് പതിപ്പുകളില്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് ഇപ്പോള്‍ ബ്രാന്‍ഡ് അറിയിച്ചിരിക്കുന്നത്.
പുതിയ മോട്ടോര്‍സൈക്കിളുകള്‍ 2023 മാര്‍ച്ചില്‍ വിപണിയില്‍ പുറത്തിറങ്ങും. തുടര്‍ന്ന് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്കായുള്ള ഡെലിവറികള്‍ 2023 ഏപ്രിലില്‍ മാസം ആരംഭിക്കുമെന്നും ട്രയംഫ് അവകാശപ്പെട്ടിട്ടുണ്ട്. 765 സിസി ട്രിപ്പിള്‍ സിലിണ്ടര്‍ സ്ട്രീറ്റ് ട്രിപ്പിള്‍ R വേരിയന്റില്‍ പുതിയ എഞ്ചിന് പരമാവധി 118 bhp കരുത്തില്‍ 80 Nm torque നല്കുമ്പോള് സ്ട്രീറ്റ് ട്രിപ്പിള്‍ RS-ല്‍ 128 bhp പവറില്‍ അതേ ടോര്‍ക്ക് കണക്കുകളും ലഭ്യമാവും. മെച്ചപ്പെട്ട ആക്സിലറേഷനും പ്രതികരണശേഷിക്കും വേണ്ടി മോട്ടോര്‍സൈക്കിളിന്റെ ഗിയറിംഗും കമ്പനി പരിഷ്ക്കരിച്ചിട്ടുണ്ട്. ട്രയംഫ് കോര്‍ണറിംഗ് എബിഎസും സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്ട്രോളും ഒപ്റ്റിമൈസ് ചെയ്തിട്ടുണ്ടെന്നും പറയുന്നു.
റോഡ്, റെയിന്‍, സ്പോര്‍ട് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകളാണ് നേക്കഡ് മിഡില്‍വെയ്റ്റ് മോട്ടോര്‍സൈക്കിളായ സ്ട്രീറ്റ് ട്രിപ്പിള്‍ R വേരിയന്റിനുള്ളത്. അതേസമയം മറുവശത്ത് RS വേരിയന്റിന് റോഡ്, റെയിന്‍, സ്പോര്‍ട്ട്, റൈഡര്‍, ട്രാക്ക് എന്നിങ്ങനെ അഞ്ച് റൈഡിംഗ് മോഡുകള്‍ ലഭിക്കും. ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമത, ഷിഫ്റ്റ് അസിസ്റ്റ് അപ്പ് ആന്‍ഡ് ഡൌണ്‍ ക്വിക്ക് ഷിഫ്റ്റര്‍, റൈഡ്-ബൈ-വയര്‍ ത്രോട്ടില്‍, ഇമോബിലൈസര്‍ തുടങ്ങിയവ ഈ പ്രീമിയം ക്ലാസി ബൈക്കിലെ പ്രധാന സാങ്കേതികവിദ്യകളില്‍ ഉള്‍പ്പെടുന്നു.
പുതിയ സ്ട്രീറ്റ് ട്രിപ്പിള്‍ 765 ശ്രേണിക്ക് മികച്ച എര്‍ഗണോമിക്സ് ഉണ്ടെന്നാണ് ട്രയംഫ് അവകാശപ്പെടുന്നത്. ഇത് ബൈക്കിന്റെ മികച്ച റൈഡിംഗ് അനുഭവം ഉറപ്പാക്കുന്നുണ്ട്. സ്ട്രീറ്റ് ട്രിപ്പിള്‍ R, RS മോഡലുകള്‍ക്ക് 12 mm വീതിയേറിയ ഹാന്‍ഡില്‍ബാറുകള്‍ ലഭിക്കും. മോട്ടോര്‍സൈക്കിളുകള്‍ക്ക് പൂര്‍ണമായി ക്രമീകരിക്കാവുന്ന സസ്പെന്‍ഷനും ഭാരം കുറഞ്ഞ ഷാസിയും മെച്ചപ്പെട്ട പവര്‍-ടു-വെയ്റ്റ് അനുപാതവും സമ്മാനിക്കുന്നുണ്ട്. സ്ട്രീറ്റ് ട്രിപ്പിള്‍ RS ട്രാക്ക്-റെഡി പിറെലി ടയറുകളില്‍ നിരത്തിലെത്തുമ്പോള്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആറിന് കോണ്ടിനെന്റല് ടയറുകളാണ് ലഭിക്കുന്നത്.
സ്ട്രീറ്റ് ട്രിപ്പിള്‍ ഉടമകള്‍ക്ക് ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഫോണ്‍ കണ്ട്രോള്, മ്യൂസിക് ഓപ്പറേഷന് എന്നിവ ആക്സസറി-ഫിറ്റ് ബ്ലൂടൂത്ത് മൊഡ്യൂളിലൂടെയും സൗജന്യ മൈ ട്രയംഫ് ആപ്പിലൂടെയും ആക്സസ് ചെയ്യാന്‍ കഴിയും. ലാപ് ടൈമറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. RS വേരിയന്റിന് ഒരു പുതിയ കളര്‍-കോഡഡ് ബെല്ലി പാന്‍ ഉണ്ട്. ഇത് R മോഡലില്ന് ഒരു ആക്സസറി ഓപ്ഷനായി തെരഞ്ഞെടുക്കാം. പുതിയ സ്ട്രീറ്റ് ട്രിപ്പിളിന്റെ പിന്‍ഭാഗത്തിന് ഫോക്കസ്ഡ്, നോസ്-ഡൌണ്‍ ലുക്ക് നല്‍കുന്നതിന് പുതിയ സ്പോര്‍ട്ടി, അപ്സ്വെപ്പ് ഡിസൈനാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ പരസ്പരം മാറ്റാവുന്ന പില്യണ്‍ സീറ്റുള്ള കളര്‍ കോഡഡ് സീറ്റ് കൗള്‍ ആണ് RS-ന്റെ മറ്റൊരു സവിശേഷത.






