
തിരുവനന്തപുരം: പൂവ്വാര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ജീവനക്കാരുടെ സാദാചാര ആക്രമണം. കെഎസ്ആര്‍ടിസി കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ സുനിലും സെക്യുരിറ്റി ജീവനക്കാരുമാണ് മര്‍ദ്ദിച്ചത്. അരുമാനൂര്‍ സ്കൂളിലെ ഷാനു എന്ന വിദ്യാര്‍ത്ഥിക്കു നേരെയാണ് മര്‍ദ്ദനം. പെണ്‍കുട്ടികള്‍ക്കൊപ്പം നിന്നുവെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം. ഇന്നു രാവിലെയാണ് സംഭവം.
ഡിപ്പോയില്‍ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ നടപടിയെ ചോദ്യം ചെയ്യുന്നുണ്ട്. കാട്ടാക്കട സംഭവം ഓര്‍ക്കുന്നില്ലേ? നിയമം കയ്യിലെടുക്കാന്‍ നിങ്ങളാരാണ്? പോലീസ് ഇവിടെയില്ലേ എന്നൊക്കെ യാത്രക്കാര്‍ ചോദിക്കുന്നുണ്ട എന്നാല്‍ ഈ കുട്ടി സ്ഥിരമായി കറങ്ങിനടക്കുന്നതാണെന്നും പെണ്‍കുട്ടികള്‍ക്കൊപ്പം കാണാറുണ്ടെന്നുമാണ് കെഎസ്ആര്‍ടിസി ജീവനക്കാരുടെ മറുപടി. ഷാനു യൂണിഫോം ധരിച്ചില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇന്ന് സ്കൂളില്‍ ആഘോഷം നടക്കുന്നതിനാലാണ് യൂണിഫോം ഒഴിവാക്കിയതെന്ന് ഷാനു പറയുന്നു.
മര്‍ദ്ദിച്ചവര്‍ക്കെതിരെ പോലീസിനും ഗതാഗത മന്ത്രികകും പരാതി നല്‍കുമെന്ന് മര്‍ദ്ദനമേറ്റ ഷാനു പറഞ്ഞു. ഷാനുവിനെ അടിക്കുകയും ഷര്‍ട്ട് വലിച്ചുകീറുകയും ചെയ്തു. തങ്ങള്‍ക്കൊപ്പം വെറുതെ നിന്ന ഷാനുവിനെ കെഎസ്ആര്‍ടിസി ജിവനക്കാര്‍ അടിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ പറയുന്നു. ഇവരും സംഭവം കണ്ട യാത്രക്കാരും പോലീസിന് മൊഴി നല്കാന് തയ്യാറായിട്ടുണ്ട്.






