
‘റിസര്വ് ബാങ്കിന്റെ പുതുക്കിയ നിയമപ്രകാരം കറന്സി നോട്ടില് പേനകൊണ്ട് വരയ്ക്കുകയോ,എഴുതുകയോ ചെയ്താല് നോട്ട് അസാധുവാകും' എന്ന തരത്തിലുളള സമൂഹമാധ്യമങ്ങളിലെ പ്രചരണത്തിനെതിരെ കേന്ദ്രം. ഇക്കാര്യം റിസർവ് ബാങ്കിന്റെ മാർഗനിർദേശത്തിൽ പറയുന്നതായും സന്ദേശത്തിൽ പറയുന്നു. സന്ദേശം വ്യാജമാണെന്നും പേനകൊണ്ട് എഴുതിയാല് അസാധുവാകില്ലെന്നും പിഐബിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.
ഇത്തരത്തില് പ്രചരിച്ചിരുന്ന സന്ദേശം പിഐബി യുടെ ഒഫിഷ്യല് വിഭാഗം പരിശോധിച്ചിരുന്നു. ആര്.ബി.ഐ യുടെ ക്ലീന് നോട്ട് പോളിസി എന്ന നയം അനുസരിച്ച് കറന്സി നോട്ടുകള് വികൃതമാക്കുകയോ,കീറി മുറിക്കുകയോ ചെയ്യാന് പാടുളളതല്ല. മാത്രമല്ല എഴുത്തുകുത്തുകള് കറന്സിയുടെ ലൈഫ് കുറയ്ക്കുന്നതിനും ഒരു പരിധി വരെ കാരണമായിത്തീരുന്നു.
നോട്ടിൽ എന്തെങ്കിലും എഴുതിയതായി കണ്ടെത്തിയാൽ ഉടൻ തന്നെ നോട്ട് അസാധുവാകുന്നില്ല. ലീഗൽ ടെൻഡറായി തുടരും. എന്നാൽ ക്ലീൻ നോട്ട് നയത്തിന്റെ ഭാഗമായി കറൻസി നോട്ടുകളിൽ ഒന്നും എഴുതാതിരിക്കാൻ ജനം ശ്രദ്ധിക്കണമെന്നും പിഐബിയുടെ കുറിപ്പിൽ ഓർമ്മപ്പെടുത്തുന്നു. ‘നമ്മുടെ രാജ്യത്ത് വിനിമയത്തിലിരിയ്ക്കുന്ന കറന്സി നോട്ടുകള് വൃത്തിയായി സൂക്ഷിക്കേണ്ട കടമ നമുക്കെല്ലാവര്ക്കും ഉണ്ട്. കറന്സിയില് എഴുതുന്നത് കുറ്റമല്ല, എന്നത് നോട്ടുകളില് എഴുതാനുള്ള അനുമതിയല്ല നല്കുന്നത്’- PIB വ്യക്തമാക്കി.







Comments