
ഇന്ത്യയുടെ മുഴുവന്‍ അഭിമാനം ഉയര്‍ത്തിയാണ് ആര്.ആര്.ആര്. സിനിമയിലെ നാട്ടു..നാട്ടു ഗോള്‍ഡന്‍ ഗ്ളോബ് പുരസ്ക്കാരം നേടിയത്. 12 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്ക് പുരസ്ക്കാരം കൊണ്ടുവന്ന കീരവാണി മലയാളത്തില്‍ ചെയ്തത് മൂന്ന് സിനിമകള്‍. ഇതില്‍ രണ്ടെണ്ണവും മമ്മൂട്ടി സിനിമകളുമായിരുന്നു.
മമ്മൂട്ടി നായകനായ നീലഗിരിയിലും സൂര്യമാനസത്തിലും സംഗീതം നിര്‍വ്വഹിച്ച കീരവാണി അരവിന്ദ് സ്വാമിയെയും ശ്രീദേവിയേയും പ്രധാന താരങ്ങളാക്കി ഭരതന് സംവിധാനം ചെയ്ത ദേവരാഗത്തിലും സംഗീതം നിര്‍വ്വഹിച്ചു. മരഗതമണി എന്ന പേരിലായിരുന്നു മമ്മൂട്ടി ചിത്രങ്ങളില്‍ സംഗീതം നല്‍കിയത്. പിന്നീടാണ് കീരവാണി എന്നാക്കിയത്. തന്നെ ഏറെ പ്രോത്സാഹിപ്പിച്ച നടന്മാരില് ഒരാളാണ് മമ്മൂട്ടിയെന്നാണ് കീരവാണി മുമ്പ് പറഞ്ഞിട്ടുള്ളത്.
മലയാളത്തില്‍ അനേകം സിനിമയിലേക്ക് താരം കീരവാണിയുടെ പേര് ശുപാര്‍ശ ചെയ്തെങ്കിലും തിരക്ക് കാരണം ദേവരാഗം കൂടിയേ ചെയ്യാനായുള്ളൂ. ചിത്രത്തിന്റെ പ്രമേയം വെച്ച് ഇഷ്ടപ്പെട്ട 10 സിനിമകളില്‍ ഒന്ന് സൂര്യമാനസമാണെന്നും കീരവാണി മുമ്പ് പറഞ്ഞിട്ടുണ്ട്. തെന്നിന്ത്യയിലെ പ്രശസ്ത നിര്‍മ്മാതാവായിരുന്ന കെജിആര്‍ എന്ന കെ.ജി ഗംഗാധരനാണ് മമ്മൂട്ടി ചിത്രം നീലഗിരിയിലൂടെ കീരവാണിയെ മലയാളത്തിന് പരിചയപ്പെടുത്തുന്നത്.






