
തിരുവനന്തപുരം: എവിടെ മത്സരിച്ചാലും രാഹുലിനെ പരാജയപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസിന്റെ സുരക്ഷിത മണ്ഡലങ്ങളില്‍ ഒന്നായി കരുതുന്ന വയനാട്ടില്‍ ബിജെപിയിലെ തീപ്പൊരി നേതാവ് സ്മൃതി ഇറാനിയെ മത്സരിപ്പിക്കുമോ?
കഴിഞ്ഞ തവണ അമേഠിയിലും വയനാട്ടിലുമായി മത്സരിച്ച രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മാത്രമേ ജയിക്കാനായുള്ളു. സ്മൃതി ഇറാനിയായിരുന്നു രാഹുലിനെ അമേഠിയില്‍ പരാജയപ്പെടുത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട ചര്‍ച്ചകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ ബിജെപി രാഹുലിനെ ഒതുക്കാന്‍ സ്മൃതി ഇറാനിയെ കേരളത്തില്‍ കൊണ്ടുവരുമോ എന്നതാണ് നോക്കുന്നത്.
നിലവിലെ സാഹചര്യത്തില്‍ എപ്പോഴും കോണ്‍ഗ്രസിനൊപ്പം നില്ക്കുന്ന വയനാട്ടില്‍ രാഹുലിന് കോട്ടം സംഭവിക്കാനിടയില്ല. എന്നാല്‍ സ്മൃതി ഇറാനി വന്നാല്‍ മത്സരം കനക്കും. കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റുകളില്‍ ഒന്നായിരിക്കുമ്പോഴാണ് അമേഠിയില്‍ രാഹുലിനെ സ്മൃതി വീഴ്ത്തിയത്. അവിടെ വലിയ വികസനങ്ങള്‍ നടപ്പാക്കിയ സ്മൃതി ഇനി രാഹുലിന് അങ്ങോട്ട് നോക്കാന്‍ പോലുമാകാത്ത വിധമാക്കിയിട്ടുണ്ട്.
പ്രധാന മന്ത്രി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ്സ് ഉയര്‍ത്തിക്കാട്ടിയ രാഹുല്‍ അമേഠിയില്‍ പരാജയപ്പെട്ടത് കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കി. അത്തരമൊരു സാഹചര്യം വീണ്ടും സൃഷ്ടിക്കാനാവും വയനാട്ടില്‍ രാഹുല്തെിരെ സ്മൃതി ഇറാനിയെ ആലോചിക്കുന്നത്.
ആറു മണ്ഡലങ്ങളില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ബിജെപി നേതൃത്വത്തിന്റെ തീരുമാനം. തിരുവനന്തപുരത്തിനു പിന്നാലെ തൃശൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ , പത്തനംതിട്ട, മാവേലിക്കര എന്നീ മണ്ഡലങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഇവിടങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിക്കും.
ശശി തരൂര്‍ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് അറിയിച്ചത് ബിജെപിക്ക് പ്രതീക്ഷയാണ്. അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കാനും സാധ്യത പറയുന്നുണ്ട്.






