കണ്ണൂര്‍: വിമര്‍ശകര്‍ക്ക് മറുപടിയുമായി ശശി തരൂര്‍ എം.പി. ആരും മുഖ്യമന്ത്രി കോട്ട് തയ്പിച്ചു വയ്ക്കേണ്ട എന്ന പരിഹാസത്തിനാണ് അദ്ദേഹം മറുപടി നല്‍കിയത്. 'താന്‍ കോട്ടോന്നും തയ്പ്പിച്ചു വച്ചിട്ടില്ല. ആരാണ് ഇതൊക്കെ പറയുന്നത്. കേരളത്തിലെ മുഖ്യമന്ത്രിമാര്‍ കോട്ട് ധരിക്കാറില്ലല്ലോ. എവിടെനിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് തയ്പ്പിച്ചുവച്ചിരിക്കുന്നതും അറിയില്ല. ഇതൊക്കെ പറയുന്നവരോട് ചോദിക്കണ്ടെ? ആരെന്ത് പറഞ്ഞാലും പ്രശ്നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നു, ഞാന്‍ പരിപാടികളില്‍ പങ്കെടുക്കുന്നു. ഇതൊക്കെ എല്ലാ രാഷ്ട്രീയക്കാരും ചെയ്യുന്നതാണെന്നും തരൂര്‍ കണ്ണൂരില്‍ പറഞ്ഞു. കോഴിക്കോട്ടെ പര്യടനത്തിനു ശേഷം ഇന്നു രാവിലെ കണ്ണൂരില്‍ എത്തിയതായിരുന്നു തരൂര്‍.
എന്നാല്‍, എന്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്തതോടെ തരൂരിന്റെ രാഷ്ട്രീയ ഭാവി തീര്‍ന്നുവെന്ന വെള്ളാപ്പള്ളിയുടെ പ്രതികരണത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
കേരള രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തരൂരിന്റെ നീക്കം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവച്ചുള്ളതാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. തരൂരിന്റെ നീക്കത്തെ ഒരു വിഭാഗം നേതാക്കള്‍ നേരിടാന്‍ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം വീണ്ടും വിവാദമാകുകയാണ്.






