
ആലപ്പുഴ: സഹപ്രവര്‍ത്തകരുടേത് ഉള്‍പ്പെടെ നഗ്നദൃശ്യങ്ങള്‍ സൂക്ഷിച്ച സിപിഎം ഏരിയാകമ്മറ്റിയംഗത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നഗ്നദൃശ്യ വിവാദത്തില്‍പെട്ട എ.പി. സോണയ്ക്ക് എതിരേയാണ് നടപടിയെടുത്തത്. സംഭവം അന്വേഷിക്കാന്‍ നിയോഗിച്ചിരുന്ന രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് നടപടി. ജില്ലാ സെക്രട്ടറിയേറ്റും ഇത് അംഗീകരിച്ചു.
പാര്‍ട്ടി അംഗങ്ങളായവരുടെ ഭാര്യമാരുടേത് വരെയുള്ള ദൃശ്യങ്ങള്‍ സോണയുടെ മൊബൈലില്‍ നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടിയില്‍ പരാതി നല്‍കുകയും പാര്‍ട്ടി സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയുമായിരുന്നു. അതേസമയം രണ്ടുമാസം മുമ്പ് നടന്ന സംഭവത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം പാര്‍ട്ടിക്കെതിരേ ഉയര്‍ന്നിരുന്നു.
മറ്റൊരു സംഭവവുമായി ബന്ധപ്പെട്ട് നടന്ന പരിശോധനയാണ് സോണയുടെ ഫോണിലെ ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കാരണമായത്. എന്നാല്‍ ആരും സംഭവം പോലീസില്‍ പരാതിപ്പെട്ടില്ല. പകരം പാര്‍ട്ടിയില്‍ പരാതി നല്‍കുകയായിരുന്നു. സോണയ്ക്കെതിരേ അന്വേഷണകമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയെടുക്കാന്‍ വൈകിയത് പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.






