
സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘നന്‍പകല്‍ നേരത്ത് മയക്കം’ സിനിമ റിലീസിന് കാത്തിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസിനുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ നടന്ന പ്രെസ് മീറ്റും അതില്‍ മമ്മൂട്ടി പറഞ്ഞ വാചകങ്ങളുമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. നിറഞ്ഞ ചിരിയോടെയുള്ള മറുപടികള്‍, പൊട്ടിച്ചിരികളും കൗണ്ടറുകളും പിന്നെ ആരാധകര്‍ക്കൊപ്പം സെല്‍ഫിയെടുക്കല്‍... അങ്ങനെ വാര്‍ത്താ സമ്മേളനത്തിലുടനീളം മമ്മൂട്ടി തികച്ചും വ്യത്യസ്തനായിരുന്നു. ഓരോ ചോദ്യങ്ങള്‍ക്കും മമ്മൂട്ടി പറഞ്ഞ ഉത്തരങ്ങള്‍ വൈറലായി സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയാണ്.
ചിത്രത്തിന്റെ സംവിധായകനും മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും തിരക്കാണെന്നും തിരക്കില്ലാത്തത് തങ്ങള്‍ക്ക് മാത്രമാണെന്നും പറഞ്ഞാണ് മമ്മൂട്ടി സംസാരം തുടങ്ങിയത്. പിന്നീടുടനീളം മമ്മൂട്ടി സദസിലാകെ ചിരിപടര്‍ത്തി.
ഭൂതകണ്ണാടിയും തനിയാവർത്തനവും പോലെ സൈക്കിക് കഥാപാത്രമാണോ നൻപകൽ നേരത്ത് മയക്കത്തിൽ എന്ന ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു മമ്മൂട്ടി. “ഭൂതകണ്ണാടിയും തനിയാവർത്തനവും മെന്റൽ ഹെൽത്ത് സിനിമകളെന്ന് പറയാൻ കഴിയില്ല. ആ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തരായവരായത് കൊണ്ട് നമുക്ക് അങ്ങനെ തോന്നുന്നതാണ്. നൻപകൽ നേരത്ത് മയക്കത്തിലേത് അങ്ങനെയൊരു കഥാപാത്രമല്ല. അയാൾ ഒരു സൈക്കിക് വ്യക്തിയല്ല. അതിനെല്ലാം അപ്പുറത്തേക്കുള്ള ലോകമാണ് ഈ സിനിമ. ഈ കഥാപാത്രത്തെ ഭൂതകണ്ണാടിയും തനിയാവർത്തനവും വച്ച് താരതമ്യം ചെയ്യാൻ പറ്റില്ല. രണ്ടിൽ നിന്നും വ്യത്യസ്തമായ കഥാപാത്രമാണ്. അത്തരം സാധ്യതകളെ നമ്മൾ തള്ളിക്കളയരുത്. ഒന്നും കിട്ടിയില്ലെങ്കിലും ഇത്തരം ചിത്രങ്ങളിൽ ഞാൻ ഫ്രീയായി അഭിനയിക്കാൻ തയ്യാറാണ്. കാരണം എനിക്കേറ്റവും സന്തോഷമുള്ളതും ആനന്ദം കിട്ടുന്നതും ഈ ജോലി ചെയ്യുമ്പോഴാണ്. അല്ലാതെ പൈസ കിട്ടുമ്പോഴല്ല. പൈസ കിട്ടുന്നതിൽ സന്തോഷമില്ലെന്നല്ല,” മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.
അവാര്‍ഡ് പടം എന്നു തുടങ്ങി ചോദ്യംചോദിക്കാനൊരുങ്ങിയ ആളോട്.. ഇപ്പോ അങ്ങനെയൊക്കെയുണ്ടോ..അങ്ങനെ പറയാന്‍ പറ്റില്ല.. അത് പൊളിറ്റിക്കലി കറക്ടല്ല എന്നുള്ള നടന്റെ മറുപടി നിറചിരിയോടെയും കൈയടിയോടെയുമാണ് സദസ് ഏറ്റെടുത്തത്. ചില ചോദ്യങ്ങള്‍ക്ക് നര്‍മ്മം കലര്‍ന്ന കൗണ്ടറുകളും മറുചോദ്യങ്ങളുമായിരുന്നു മറുപടി.
‘നൻപകൽ നേരത്ത് മയക്ക’ത്തിലെ ഷൂട്ടിംഗ് അനുഭവങ്ങളും മമ്മൂട്ടി പങ്കിട്ടു. “ഒരു ഷർട്ടും മുണ്ടും ഒരു തോർത്തും മാത്രമുടുത്തുകൊണ്ടാണ് ആ സിനിമയിൽ മൊത്തം. ഒന്നര മണിക്കൂറും സുന്ദരമാണ്. ഒരു രാത്രി മുതൽ പിറ്റേന്ന് വൈകിട്ട് വരെയുള്ള കഥയാണ്. ചുരുങ്ങിയ മണിക്കൂറിനുള്ളിൽ ആ കഥയും കഥാപാത്രവും കഥാപരിസവുമൊക്കെ നമുക്ക് മനസ്സിലാക്കി കൊടുക്കണം,” മമ്മൂട്ടി പറഞ്ഞു.ഒപ്പമുള്ള പുതുമുഖ നടിമാരെ ഉള്‍പ്പെടെ സദസിന് പരിചയപ്പെടുത്തിയ മമ്മൂട്ടി അവരുടെ അഭിനത്തെയും സെറ്റിലെ നര്‍മ്മ മുഹൂര്ത്തങ്ങളെയുമെല്ലാം ഓര്‍ത്തെടുത്ത് പങ്കുവെച്ചു.
കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യം പൂര്‍ത്തിയാകുന്നതിനു മുന്നേ മമ്മൂട്ടി അത് നിരുത്സാഹപ്പെടുത്തി. കെ.ആര്. നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നമുക്ക് പിന്നെ പോകാമെന്ന മറുപടിയോടെയായിരുന്നു ചോദ്യത്തില്‍ നിന്ന് അദ്ദേഹം വഴുതി മാറിയത്.
ഒടുവില്‍ തങ്ങളുടെ ഒപ്പം ഒരു സെല്‍ഫി എടുക്കുമോ എന്ന ചോദ്യത്തിനു പിന്നാലെ സെല്‍ഫി ഫോട്ടോകളും വീഡിയോകളും മമ്മൂട്ടി എടുത്തു. ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍താരം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.






