
കേരളത്തിലെ വിദ്യാഭ്യാസ രീതിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും എം.പി യുമായ ശശി തരൂര്‍. കോട്ടയം പ്രസ് ക്ലബില്‍ നടന്ന ഋഷിരാജ് സിംഗിന്റെ പുസ്തക അപഗ്രഥന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ മയക്കുമരുന്ന് കേസുകള്‍ പരിശോധിച്ചാല്‍ മൂന്ന് വര്‍ഷത്തിനിടയ്ക്ക് അവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നതായി കാണാം. എന്തുകൊണ്ട് കുട്ടികള്‍ ലഹരിയ്ക്ക് അടിമപ്പെടുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്. ഋഷിരാജ് സിംഗിന്റെ പുസ്തകം പറയുന്നത് കുട്ടികള്‍ക്ക് കൊടുക്കുന്ന അമിത മാനസിക സമ്മര്‍ദ്ദം ലഹരിയിലേക്ക് കൊണ്ടെത്തിക്കുന്നതിന് പ്രധാന കാരണമാകുന്നുവെന്നാണ്. എല്ലാ കുട്ടികളും ഒരു പോലെ പഠിക്കാന്‍ കഴിവുളളവരല്ല പക്ഷേ അത് തിരിച്ചറിയാതെയാണ് മാതാപിതാക്കള്‍ അയല്‍വാസിയുടെ കുട്ടിയുടെ മാര്‍ക്കിനെ തന്റെ കുട്ടിയുടേതുമായ് താരതമ്യം ചെയ്യുന്നത്.പരീക്ഷയ്ക്ക് പഠിക്കണമെന്ന് മാത്രമല്ല 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങിക്കണമെന്ന നിബന്ധനയും രക്ഷകര്‍ത്താക്കള്‍ക്ക് ഉണ്ട്.
ഇന്ത്യയില്‍ മത്സര അന്തരീക്ഷത്തിലായ കുട്ടികള്‍ക്ക് ടെന്‍ഷന്‍ കാരണം ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇന്നുളളത്. ഇന്ത്യയിലാകമാനം മയക്കുമരുന്ന് കേസുകള്‍ വര്‍ധിച്ചിരിക്കുന്നു. രാജസ്ഥാനിലെ കോട്ടയില്‍ കുട്ടികളുടെ ആത്മഹത്യ വര്‍ഷംതോറും പെരുകുന്നു. 2015 ലെ കണക്കനുസരിച്ച് ഇവിടെ അഞ്ച് കുട്ടികളാണ് ആത്മഹത്യ ചെയ്തിട്ടുളളത്. 2022 ലേക്ക് എത്തിയപ്പോള്‍ അതിന്റെ എണ്ണം 12 ആയി . എല്ലാകുട്ടികള്‍ക്കും പഠനത്തില്‍ ഒരേ കഴിവല്ലെന്നത് തിരിച്ചറിയുക. അവര്‍ക്ക് താല്പര്യവും, വാസനയുമുളള മേഖല കണ്ടെത്തി അതിനെ പ്രോത്സാഹിപ്പിക്കുക. കുട്ടികള്‍ പരീക്ഷയെഴുതുന്ന മെഷീനുകളല്ലെന്നും അവരെ നല്ല മനുഷ്യനാക്കി വളര്‍ത്തണമെന്നും തരൂര്‍ പറഞ്ഞു.






