
ആന്തരികധൈര്യമുള്ള എത്രപേര്‍ നമ്മുടെ സൗഹൃദവലയത്തിനുള്ളില്‍ ഉണ്ടെന്ന് എപ്പോഴെങ്കിലും ആലോച്ചിട്ടുണ്ടോ? പുറമേ മോടി നടിക്കുകയും ആന്തരികമായി ഉടഞ്ഞു നില്‍ക്കുകയും ചെയ്യുന്നവര്‍. കടം പെരുകി ജീവിതം ദു:സ്സഹമായി, ആത്മഹത്യ മാത്രം പോംവഴിയായി കാണുന്നവര്‍. കഴിവുണ്ടായിട്ടും സാമ്പത്തിക പ്രതിസന്ധിമൂലം വിദ്യാഭ്യാസം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തവര്‍. ഇഷ്ടമില്ലാതിരുന്നിട്ടും ചില ജോലികള്‍ ജീവിക്കാന്‍ വേണ്ടി ചെയ്യേണ്ടി വരുന്നവര്‍. സമ്പത്ത് മാനദണ്ഡമാകുകയും നാട്യങ്ങള്‍ ആയുധമാകുകയും ചെയ്യുന്ന പുതിയ ലോകത്ത് ഓരോരുത്തരുടേയും ഉള്ളിലേക്ക് മനപ്പൂര്‍വ്വം ഇടിച്ചുകയറി പ്രശ്നങ്ങള്‍ കണ്ടെത്താനും പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ എല്ലാ സൗഹൃദസദസ്സിലും ഉണ്ടാകേണ്ടതുണ്ട്.
ഒരാളുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള നിഗൂഢതയും അന്വേഷണവുമാണ് ഭാവന സ്റ്റുഡിയോസ് സ്കൂളിന്റെ ഏറ്റവും പുതിയ സിനിമ തങ്കം പറയുന്നത്. ദിലീഷ്പോത്തന്, ഫഹദ്ഫാസില്‍, ശ്യാം പുഷ്ക്കരന്‍ ടീം നിര്‍മ്മിച്ച് ശ്യാം പുഷ്ക്കരന്റെ തിരക്കഥയില്‍ ഷഹീദ് അരാഫത്ത് കഥയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ ആദ്യന്തം വിഭ്രമിപ്പിക്കുന്ന ഒരു സസ്പെന്‍സ് ജോണറാണ്. ആദ്യ അരമണിക്കൂറിന് ശേഷം തുടങ്ങുന്ന അന്വേഷണം ഒടുക്കം വരെ പ്രേക്ഷകനെ വിടാതെ പിടിച്ചു നിര്‍ത്തുമ്പോള്‍ പ്രവചനാതീതമായ ക്ളൈമാക്സ് സാധാരണ സസ്പെന്‍സ് ത്രില്ലര്‍ സിനിമകളില്‍ നിന്നും തങ്കത്തെ വേറിട്ടതാക്കുന്നു.
കണ്ടു മടുത്ത ക്രൈം ത്രില്ലറുകളുടെ മൂഡില്‍ നിന്നും വിഭിന്നമായി സിനിമ പൂര്‍ണ്ണമാകുമ്പോള്‍ കടുത്ത നെഗറ്റീവ് ഫീല്‍ പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം. കണ്ടിറങ്ങുന്ന പ്രേക്ഷകനെ നെഞ്ചില്‍ ഒരു കനവുമായി കടുത്ത വിഷാദഛവിയോടെ കണ്ണന് പിന്തുടരുമെന്ന് ഉറപ്പ്. രണ്ടാം പകുതി പൂര്‍ണമായും പോലീസ് അന്വേഷണത്തിനു വേണ്ടി മാറ്റിവെച്ചിരിക്കുന്നു സിനിമ. എന്നാല്‍ സാധാരണ കാണുന്ന ക്ലീഷെ ഇന്‍വെസ്റ്റിഗേഷനില്‍ നിന്ന് വ്യത്യസ്തമാണ്.
പുറമേ ചിരിച്ചും ഉളളിന്റെ ഉള്ളില്‍ ഒരു വലിയ അഗ്നിപര്‍വ്വതം കൊണ്ടു നടക്കുന്നവരുടേയും പ്രതിനിധിയാണ് തങ്കത്തിലെ കണ്ണനും മുത്തും. അതീവ രഹസ്യമായ അവരുടെ ജോലി പോലെ തന്നെ നിഗൂഢത നിറഞ്ഞതാണ് അവരുടെ രീതികളും. സ്വര്‍ണ്ണവുമായി ഒട്ടും വേര്‍തിരിഞ്ഞു നില്‍ക്കാത്ത രീതിയില്‍ ചെമ്പുചേര്‍ത്ത് മനോഹരമായ ഡിസൈനും മറ്റും കൊത്തി ഒരാള്‍ ആഭരണം ഉണ്ടാക്കുന്ന കലാകാരനും മറ്റേയാള്‍ അത് രഹസ്യമായി ജ്വല്ലറികളിലും മറ്റും സുരക്ഷിതമായി എത്തിക്കുന്ന കാരിയറും. പങ്കാളിത്ത ബിസിനസ് ചെയ്യുന്ന ഇവരുടെ സൗഹൃദം പക്ഷേ പത്തരമാറ്റ് തങ്കമാണ്. ഒരിക്കല്‍ സ്വര്‍ണവുമായി തൃശൂരില്‍ നിന്നും കോയമ്പത്തൂര്‍ വഴി മുംബൈയ്ക്ക് പോകുന്ന കണ്ണന് അവിടെ വെച്ച് മരണപ്പെടുന്നു. കൂട്ടുകാരന്റെ മരണത്തില്‍ മുംബൈ പോലീസുമായി ചേര്‍ന്ന് മുത്ത് നടത്തുന്ന അന്വേഷണങ്ങളാണ് സിനിമ പറയുന്നത്.
അത്ര പരിചിതമല്ലാത്ത സമൂഹത്തില്‍ നിന്നും കണ്ടെടുക്കുന്ന അപരിചിതമായ മനുഷ്യരുടെ കഥാപാത്ര സൃഷ്ടിയിലെ ദുരൂഹത തങ്കത്തിലും ശ്യാം പുഷ്ക്കരന്‍ കണ്ടെടുക്കുന്നുണ്ട്. കുമ്പളങ്ങി നൈറ്റ്സിലും ജോജിയിലും മായാനദിയിലും നമ്മള് കണ്ട, തൊഴിലോ ജീവിത സാഹചര്യമോ മൂലം മുഖ്യധാരയില്‍ നിന്നും അകന്നു നില്‍ക്കുകയോ നില്ക്കാന് ആഗ്രഹിക്കുകയോ ചെയ്യുന്ന മനുഷ്യരാണ് തങ്കത്തിലും. സിനിമയുമായി ബന്ധപ്പെട്ട നഗരക്കാഴ്ചകള്‍ പോലും ഇരുണ്ടതും നിറംകെട്ടതുമായ വഴികളും ഗലികളും ലോഡ്ജുകളും ചേരികളുമാണ്.
ഗൗതം ശങ്കറിന്റെ സിനിമാട്ടോഗ്രഫിയും കളര്‍ടോണും സിനിമയുടെ ഗൗരവത്തോട് ചേര്‍ന്നു നില്ക്കുന്നു. എടുത്തു പറയേണ്ടത് തിരക്കേറിയ കോയമ്പത്തൂര്‍, മുംബൈ നഗരങ്ങളുടെ ഉള്‍നാടന്‍ പ്രദേശങ്ങളുടെയും വൈഡ് ആംഗിള്‍ ഷോട്ടുകളുടെ ഭംഗിയാണ്. ബിജിബാലിന്റെ സംഗീതവും ബാക്ക് ഗ്രൗണ്ട് സ്കോറിംഗും സിനിമയോട് ഇഴുകി ചേര്‍ന്നിരിക്കുന്നു. ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി എന്നിവരുടെ വേഷപ്പകര്‍ച്ചകള്‍ സിനിമയെ കരുത്തുറ്റതാക്കുന്നു. എന്നാല്‍ മുംബൈ പോലീസ് ഓഫീസറെ അവതരിപ്പിച്ച നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ടാണ്. അവസാന സിനിമയില്‍ ചെറുതെങ്കിലും കൊച്ചുപ്രേമന് അവതരിപ്പിച്ച കണ്ണന്റെ പിതാവിന്റെ വേഷവും അനുപമം. ചെറിയ വേഷങ്ങളില്‍ എത്തിയ എല്ലാ പുതുമുഖങ്ങളും മികച്ചവര്‍ തന്നെ.