
സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന് എം.എല്‍. എ യെ ആക്രമിച്ച കേസില്‍ സി.പി.ഐ നേതാക്കള്‍ കൂറുമാറിയത് എട്ടിലേറേ പ്രതികളെ പോലീസിന് മുന്നില്‍ വച്ച് തിരിച്ചറിഞ്ഞതിനു ശേഷം. ബി.ജെ.പി പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് വിജയപ്രകടനത്തിനിടെ ചന്ദ്രശേഖരനെ ആക്രമിച്ചെന്നാണ് കേസ്.
കരിന്തളം പഞ്ചായത്ത് പ്രസിഡന്റും, സി.പി.ഐ ജില്ലാകമ്മിറ്റി അംഗവുമായ ടി.കെ രവിയാണ് എട്ടോളം പ്രതികളെ ഡിവൈ.എസ്.പി സുനില്‍ ബാബുവിന് മുമ്പാകെ തിരിച്ചറിഞ്ഞത്. രവിയുടെ ഡ്രൈവര്‍ കെ.ഹക്കീം പതിനൊന്ന് പേരെയും, സി.പി.എം മടിക്കൈ സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം അനില്‍ ബങ്കളം ഒന്‍പത് പ്രതികളെയും തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ വിചാരണ വേളയ്ക്കിടയില്‍ ഇവര്‍ കൂറുമാറുകയായിരുന്നു. അറസ്റ്റിനു ശേഷം പ്രതികളെ തിരിച്ചറിയാന്‍ വിളിപ്പിച്ചപ്പോഴാണ് തങ്ങളെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ ഉളളവരെയെല്ലാം ഇനിയും കണ്ടാലറിയാമെന്ന മൊഴി മൂന്നുപേരും നല്‍കിയത്.
വിചാരണയ്ക്കിടയില്‍ മൊഴിമാറ്റിയപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സത്താര്‍ മൂന്നുപേരും കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.






