
തിരുവനന്തപുരം: ചെറിയ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പോലും കൈക്കൂലി ചോദിക്കുകയും കൊടുത്തില്ലെങ്കില്‍ അപേക്ഷകരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലെയും പൊതുസേവകരിലെയും ക്രിമിനലുകളെ ഇനി സഹിക്കാന്‍ ജനങ്ങള്‍ക്ക് വയ്യ. കഴിഞ്ഞ വര്‍ഷം അഴിമതിക്കാരായ ഓഫീസര്‍മാരെ കുടുക്കാന്‍ വിജിലന്‍സിന് ജനങ്ങള്‍ നല്‍കിയത് 13,435 വിവരങ്ങള്‍.
വലിയ വിവരങ്ങളുടെ ചെറിയ സൂചനകള്‍ നല്കി തങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന സര്‍ക്കാരിന്റെ കിങ്കരന്മാരെ ഒതുക്കാന്‍ പലരും ഉപയോഗിച്ചത് ഐ.ടി. സാമൂഹ്യമാധ്യമ ഇടങ്ങള്‍. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട അഴിമതിയ്ക്ക് തടയിടാന്‍ ഇമെയിലുകളും വാട്സാപ് സന്ദേശങ്ങളും സാമൂഹ്യ മാധ്യമങ്ങള്‍ വഴിയുള്ള ബന്ധങ്ങളും ആപ്പുകളുമെല്ലാം ജനങ്ങള്‍ ഉപയോഗിച്ചു. വിജിലന്‍സ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് ഇത് സഹായമാകുകയും ചെയ്തു.
നാട്ടുകാര്‍ പങ്കുവെച്ച വിവരം അനുസരിച്ച് ഇടപെട്ട വിജിലന്‍സ് അഴിമതിക്കാരായ 42 സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് പണി കിട്ടിയത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനങ്ങള്‍ ഇക്കാര്യത്തില്‍ വിജിലന്സുമായി കൂടുതല്‍ ഇടപെടല്‍ നടത്തുന്നുണ്ട്. 2020 ല്‍ 763 പരാതികളും വിവരങ്ങളുമായിരുന്നു കിട്ടിയത്.
2021 ല്‍ അത് 1,147 ആയി ഉയര്‍ന്നു. കിട്ടിയ വിവരങ്ങളില്‍ ഭൂരിഭാഗവും കൃത്യമായ വിവരമാണ് കൈമാറിയത് എന്നത് കൂടുതല്‍ ഉപകാരമായി. 2022 ല്‍ റവന്യൂ ഡിപ്പാര്‍ട്ട്മെന്റില്‍ 14 പേരെ അറസ്റ്റ് ചെയ്തപ്പോള്‍ സ്വയംഭരണ വകുപ്പില്‍ 13 പേരുടേയും അറസ്റ്റ് നടന്നു. ആരോഗ്യം, റജിസ്ട്രേഷന്, പോലീസ്, ഖനനം, ജലവിഭവം, ഭൂജലവകുപ്പ് എന്നിവയില്‍ നിന്നെല്ലാം വിജിലന്‍സ് ആളുകളെ പിടികൂടാനായി.






