
ന്യുഡല്‍ഹി: അദാനി ഗ്രൂപ്പ് നേരിടുന്ന വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ . ജെപിസിയുടെയോ സുപ്രീംകോടതിയുടേയോ മേല്‍നോട്ടത്തിലുള്ള സമഗ്രാന്വേഷണം വേണമെന്ന ആവശ്യമാണ് പ്രതിപക്ഷം ഉന്നയിച്ചത്. അന്വേഷണത്തിന്റെ പ്രതിദിന റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും എഐസിസി പ്രസിഡന്റുമായ മല്ലികാര്‍ജ്ജുന ഖാര്‍ഗെ ആവശ്യപെട്ടു.
പ്രതിപക്ഷ നേതാക്കളുടെ നേതൃത്വത്തില്‍ നേരത്തേ പാര്‍ലമെന്റില്‍ യോഗം ചേരുകയും അദാനി വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഖാര്‍ഗെ അടക്കമുള്ള നേതാക്കള്‍ വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കിയെങ്കിലും സഭാധ്യക്ഷന് ഇതിന് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം ഇരുസഭകളിലും പ്രതിഷേധം ഉന്നയിക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ട് മണിവരെ ഇരുസഭകളും നിര്‍ത്തിവച്ചു.






