
അബുദാബിയില്‍ വെള്ളിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 2.3 കോടി ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി. നേപ്പാള്‍ സ്വദേശിയായ രഞ്ജിത്ത് കുമാര്‍ പാലാണ് ഈ പ്രാവശ്യത്തെ ഗ്രാന്റ് പ്രൈസ് സ്വന്തമാക്കിയ ഭാഗ്യവാന്.
ഓണ്‍ലൈന്‍ വഴി എടുത്ത 232936 നമ്പര്‍ ടിക്കറ്റിലാണ് രഞ്ജിത്തിനു ഭാഗ്യം തേടിയെത്തിയത്. ബിഗ് ടിക്കറ്റിന്റെ ''ബൈ ടു ഗെറ്റ് വണ്‍ ഫ്രീ'' എന്ന ഓഫറിലൂടെ രണ്ട് ടിക്കറ്റെടുത്ത രഞ്ജിത്തിന് സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ച വിവരം നറുക്കെടുപ്പ് വേദിയില്‍ വച്ച് രഞ്ജിത്തിനെ അറിയിക്കുന്നതിനായി അവതാരകന് ഫോണ്‍ വിളിച്ചിരുന്നെങ്കിലും കോള്‍ കിട്ടിയിരുന്നില്ല.
വെള്ളിയാഴ്ച നടന്ന 248-ാം സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസ് ഒഴികെയുള്ള മറ്റ് മൂന്ന് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കായിരുന്നു. ഡ്രീം കാര്‍ നറുക്കെടുപ്പിലും വിജയിയായത് ഇന്ത്യക്കാരന് തന്നെ.
രണ്ടാം സമ്മാന തുകയായ പത്ത് ലക്ഷം ദിര്‍ഹം വിജേഷ് വിശ്വനാഥനും മൂന്നാം സമ്മാനമായ ഒരു ലക്ഷം ദിര്‍ഹം ഷിബു മാത്യുവിനുമാണ് ലഭിച്ചത്. ഇരുവരും ഓണ്‍ലൈനിലൂടെയാണ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ നറുക്കെടുപ്പില്‍ റോവര്‍ കാര്‍ സ്വന്തമാക്കിയതും സുമന് മുത്തയ്യയെന്ന ഇന്ത്യക്കാരനാണ്. ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് മാര്‍ച്ച് മൂന്നാം തീയ്യതിയായിരിക്കും നടക്കുക.






