
കോഴിക്കോട് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച പഞ്ചഗുസ്തി മത്സരത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ വേണ്ട പരിഗണന നല്‍കാതെ തഴഞ്ഞെന്ന പരാതിയില്‍ സെക്രട്ടറിയ്ക്കെതിരെ കേസ്. കുന്ദമംഗലം പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെയാണ് മനുഷ്യാവകാശ കമ്മീഷന് കേസെടുത്തത്.
കാരന്തൂര്‍ സ്വദേശിയായ ദിയ അഷ്റഫ് എന്ന 19 കാരിക്കാണ് പഞ്ചഗുസ്തി മത്സരത്തിനിടയില്‍ കൈകള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. മത്സരത്തിനിടയില്‍ കുട്ടിയുടെ കൈയ്യുടെ മുകളിലുളള എല്ല് പൊട്ടുകയും പരിക്ക് വിരലുകളുടെ ചലനശേഷിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കുകയോ, പെണ്‍കുട്ടിയെ സഹായിക്കുകയോ ചെയ്തിരുന്നില്ല. മാത്രമല്ല ചികിത്സ സഹായം അഭ്യര്‍ത്ഥിച്ച ദിയയെ പഞ്ചായത്ത് സെക്രട്ടറി പരിഹസിച്ചതായും പരാതിയില്‍ പറയുന്നു.
കേരളോത്സവം പരിപാടിയുടെ ഭാഗമായി നവംബര്‍ 13 നായിരുന്നു ഗ്രാമപഞ്ചായത്ത് പഞ്ചഗുസ്തി മത്സരം സംഘടിപ്പിച്ചത്. മത്സരത്തില്‍ ദിയയുടെ എതിരാളി വരാത്തതിനെ തുടര്‍ന്ന് 39 കാരിയുമായി മത്സരം നടത്താന്‍ പഞ്ചായത്ത് തീരുമാനിക്കുകയായിരുന്നു. സംഭവത്തില്‍ ദിയയുടെ കൈവിരലുകള്‍ക്ക് ഗുരുതര പരിക്ക് ഉളളതിനാല്‍ ആറ് മാസത്തോളം ചികിത്സ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അടുത്ത പത്ത് ദിവസത്തിനകം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഫെബ്രുവരി 21 നാകും കേസ് വീണ്ടും പരിഗണിക്കുക.






