
ചാത്തന്നൂർ: സഹകരണ ബാങ്കിലെ നിയമനത്തെ ചൊല്ലിയുള്ള തർക്കം വഴക്കായി മാറിയതിനെ തുടര്‍ന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗങ്ങള്‍ ഏറ്റുമുട്ടി. ഒരാള്‍ മറ്റൊരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഉളിയനാട് ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ബിനുവിനെ(45) മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ സുനിൽ കുമാറാണ് വെട്ടിയത്.
ചിറക്കര സഹകരണ ബാങ്ക് നിയമനത്തിൽ ബിനുകുമാറിന്റെ ഭാര്യയ്ക്കും സി.പി.ഐ വനിതാ നേതാവിന്റെ മകൾക്കും ജോലി നൽകിയതാണ് തര്‍ക്കത്തിന് കാരണമായത്. പരിക്കേറ്റ ബിനുവിനെ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും തുടർ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സുനിലിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.
വാളുമായി ബിനുവിന്റെ വീട്ടിലെത്തിയ സുനിൽകുമാർ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം തലയ്ക്ക് വെട്ടുകയായിരുന്നു. ബിനു തടഞ്ഞതിനാല്‍ വെട്ട് കാര്യമായി പരിക്കേറ്റില്ല. വെട്ടിയ ശേഷം സുനില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാളെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പാർട്ടി നേതാക്കളുടെ ബന്ധു നിയമനത്തെ ചൊല്ലി പാര്‍ട്ടിയില്‍ നേതാക്കള്‍ തമ്മില്‍ പോലും വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.





